LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഈ യാത്ര ഇന്ത്യയെന്ന ആശയത്തെ വീണ്ടെടുക്കാന്‍'- കെ പി സി സി

കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ പദയാത്രയില്‍ എല്ലാ ജനങ്ങളും പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിച്ച് കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ പി സി സി). ഇന്ത്യ എന്ന ആശയത്തെ വീണ്ടെടുക്കാനായി, ഈ രാജ്യം എല്ലാവര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണെന്ന് ഉറപ്പിച്ചെടുക്കാന്‍, നമ്മുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയെടുക്കാന്‍ നീതിയിലും സന്തോഷത്തിലും അധിഷ്ടിതമായ ഒരു ഭാവി രൂപപ്പെടുത്തിയെടുക്കാന്‍ കോണ്‍ഗ്രസിനൊപ്പം രാജ്യത്തെ ജനങ്ങള്‍ അണിചേരണമെന്ന് കെ പി സി സി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

കെ പി സി സിയുടെ കുറിപ്പ്

പ്രിയ ഭാരതീയ പൗരരോട് ഒരഭ്യർത്ഥന,

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ഈ എഴുപത്തഞ്ചാം വാർഷികത്തിൽ നമുക്ക് അഭിമാനിക്കാൻ ഏറെയുണ്ട്.

കേവല സ്വാതന്ത്ര്യത്തിലേക്കല്ല, എല്ലാ ഇന്ത്യക്കാരേയും ഒരുപോലെ ഉൾക്കൊള്ളുന്ന ഒരു ബഹുസ്വര ദേശീയ ഭാവനയിലേക്കും ഓരോ പൗരനും നീതിയും സമത്വവും അവകാശങ്ങളും ഉറപ്പുനൽകുന്ന ഒരു ജനാധിപത്യ ഭരണ സംവിധാനത്തിലേക്കും കൂടിയാണ് നമ്മുടെ ഭാരതം ഏഴര പതിറ്റാണ്ട് മുൻപ് കാലെടുത്തുവച്ചത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കും രാഷ്ട്രശിൽപി ജവഹർലാൽ നെഹ്രുവിനുമൊപ്പം സർദാർ വല്ലഭ്ഭായ് പട്ടേൽ, മൗലാന അബുൽകലാം ആസാദ്, ബി ആർ അംബേദ്കർ, സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ് തുടങ്ങി നിരവധി മഹാമനുഷ്യരുടെ പ്രവർത്തനങ്ങളുടെ ഫലമായാണ് ലോക രാജ്യങ്ങൾക്ക് മുമ്പിൽ തലയുയർത്തിപ്പിടിക്കാൻ കഴിയുന്ന നിലയിലേക്ക് നമ്മുടെ നാട് വളർന്നുവന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനമെന്ന നിലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നോട്ടുവച്ചിരുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളും സ്വാതന്ത്ര്യാനന്തരം വിവിധ കോൺഗ്രസ് സർക്കാരുകളുടെ വികസനോന്മുഖ പ്രവർത്തനങ്ങളുമാണ് വളർച്ചയുടെ ഓരോ ഘട്ടത്തിലും ഈ നാടിന് കരുത്ത് പകർന്നത്.

എന്നാൽ തിരിഞ്ഞു നോക്കുമ്പോഴുള്ള സംതൃപ്തിയോടൊപ്പം ഭാവിയേക്കുറിച്ചുള്ള ആശങ്കകളും നമുക്കിടയിൽ കനപ്പെട്ടുവരുന്നുണ്ടോ? സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുകരാൻ കഴിയാത്തവണ്ണം നമ്മുടെ നാടിന് ശുഭാപ്തിവിശ്വാസം നഷ്ടപ്പെടുന്നുണ്ടോ?

അതിരൂക്ഷമായ വിലക്കയറ്റം മൂലം പൊറുതിമുട്ടുകയാണ് ഇന്ത്യയിലെ ജനങ്ങൾ. നരേന്ദ്രമോദി സർക്കാരിന്റെ പെട്രോൾ, ഡീസൽ, പാചകവാതക വിലനിർണ്ണയ രീതിയാണ് സർവ്വമേഖലകളിലേയും വിലക്കയറ്റത്തിന്റെ അടിസ്ഥാന കാരണം. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോൾപ്പോലും ഇവിടെ നികുതികൾ കുത്തനെ ഉയർത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ് മോദി സർക്കാർ. അധിക നികുതികൾ വേണ്ടെന്ന് വയ്ക്കാൻ തയ്യാറാവാതെ ഈ കൊള്ളക്ക് കൂട്ടുനിൽക്കുകയാണ് കേരള സർക്കാരും.

കഴിഞ്ഞ 45 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കാണ് ഇന്ന് രാജ്യത്ത് അനുഭവപ്പെടുന്നത്. നോട്ടു നിരോധനവും വികലമായി നടപ്പാക്കിയ ജിഎസ്ടിയും കോവിഡ് കാലത്തെ പിടിപ്പുകേടും രാജ്യത്തെ വലിയ സാമ്പത്തികത്തകർച്ചയിലേക്ക് എത്തിച്ചിരിക്കുന്നു. രൂപയുടെ മൂല്യം സർവ്വകാലത്തകർച്ചയെ നേരിടുന്നു. സാധാരണ ജനങ്ങൾക്ക് ആശ്വാസമേകാൻ യുപിഎ സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി പാടേ അവതാളത്തിലാവുന്നു. കർഷകർ ആത്മഹത്യാ മുനമ്പിൽ നിൽക്കുമ്പോഴും അവരെ ദ്രോഹിക്കുന്ന നിയമങ്ങൾ അടിച്ചേൽപ്പിക്കാനായിരുന്നു സർക്കാരിന് വ്യഗ്രത. കോൺഗ്രസ് പടുത്തുയർത്തിയ പൊതുമേഖലാ സ്ഥാപനങ്ങളെയാകെ വിറ്റുതുലക്കുന്ന, ബാങ്കിംഗ്, ഇൻഷുറൻസ് രംഗങ്ങളെയടക്കം മുച്ചൂടും തകർക്കുന്ന, മോദി സർക്കാർ കോർപറേറ്റ് ദാസ്യത്തിന്റേയും ചങ്ങാത്ത മുതലാളിത്തത്തിന്റേയും അപമാനകരമായ അധ്യായങ്ങളാണ് രചിക്കുന്നത്.

രാജ്യത്തിന്റെ അതിർത്തികൾ ഇന്ന് മറ്റേതൊരു കാലത്തേക്കാളും അശാന്തമാവുകയാണ്. ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറി ചൈന നടത്തുന്ന പ്രകോപനങ്ങളും പാക്കിസ്ഥാന്റെ പ്രോത്സാഹനത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളും രാജ്യസുരക്ഷക്ക് അപകടമായി മാറുകയാണ്. നമ്മുടെ ധീര സൈനികരുടെ ത്യാഗങ്ങളെ നിഷ്ഫലമാക്കുന്ന ഉദാസീനതയാണ് രാജ്യസ്നേഹത്തെ പുകമറയാക്കുന്ന ഭരണാധികാരികളുടേത്. സൈനികരുടെ മനോവീര്യം വീണ്ടും തകർക്കുന്ന വികല പരിഷ്ക്കാരങ്ങളാണ് അഗ്നിപഥ് പദ്ധതിയിലൂടെ മോദി സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.

ജനാധിപത്യം കരുത്താർജ്ജിക്കുന്നത് ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയിലും കാര്യക്ഷമതയിലും നിന്നാണ്. ജവഹർലാൽ നെഹ്രു തൊട്ടുള്ള ഭരണാധികാരികൾ ദീർഘവീക്ഷണത്തോടെ രൂപപ്പെടുത്തിയ ഭരണഘടനാ സ്ഥാപനങ്ങളൊക്കെ ഇന്ന് കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങളുടെ സംരക്ഷകരായി അധ:പതിച്ചിരിക്കുന്നു. ജനശ്ശബ്ദമായി മാറേണ്ട മാധ്യമങ്ങൾ പലതും ഭരണകൂടത്തിന്റെ പ്രൊപ്പഗാണ്ട മെഷിനറിയുടെ ഭാഗമായിരിക്കുന്നു. എഴുത്തുകാരും ആക്റ്റിവിസ്റ്റുകളും മാധ്യമ പ്രവർത്തകരും വേട്ടയാടപ്പെടുകയും നിശ്ശബ്ദരാക്കപ്പെടുകയും ചെയ്യുകയാണ് ഇന്നത്തെ ഇന്ത്യയിൽ.

ദലിതരെയും പിന്നാക്കക്കാരെയും കൂടുതൽ അരികുവൽക്കരിക്കുകയും ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കുകയും ചെയ്യുന്ന ഒരു നാടായി നമ്മുടെ ഇന്ത്യ നാൾക്കുനാൾ മാറുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നു. അഴിമതിയും ആൾക്കൂട്ടാക്രമണങ്ങളും മയക്കുമരുന്ന് വ്യാപനവും തീവ്രവാദവും നമ്മുടെ ഉറക്കം കെടുത്തുന്നുണ്ട്.

എന്നിട്ടും എന്തുകൊണ്ടാണ് ഈ രാജ്യത്തെ ജനങ്ങളുടെ ഇത്തരം ജീവൽപ്രശ്നങ്ങൾ നമുക്ക് വേണ്ടവിധം ചർച്ച ചെയ്യാൻ കഴിയാതെ പോവുന്നത്? എന്തുകൊണ്ടാണ് ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒരു പൊതുമുന്നേറ്റം നമുക്ക് സാധ്യമാവാതെ പോവുന്നത്?

ഇവിടെയാണ്, ഇന്ന് രാജ്യം എത്തിച്ചേർന്നിരിക്കുന്ന വിദ്വേഷത്തിന്റേയും വിഭജനത്തിന്റേയും അന്തരീക്ഷത്തെ നാം തിരിച്ചറിയേണ്ടത്. നാടിന്റെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ഭരണാധികാരികൾ സൃഷ്ടിക്കുന്ന വൈകാരിക പ്രകോപനങ്ങളാണ് നമ്മെ പരസ്പരം അകറ്റുന്നത്. ഇത് കൃത്യമായ ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് മനസ്സിലാക്കിയെടുക്കേണ്ടതുണ്ട്. അതിന്റെ കെണിയിൽ നിന്ന് പുറത്തുകടന്ന് ഈ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ, വിഭജന തന്ത്രങ്ങൾക്കെതിരെ ഒറ്റക്കെട്ടായ് അണിനിരക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്.

സ്വാതന്ത്ര്യ സമരകാലത്ത് ഈ രാജ്യത്തെ മുഴുവൻ ജനങ്ങളേയും ഒരു കൊടിക്കീഴിൽ ഒരുമിപ്പിച്ച ഇന്ത്യയുടെ ദേശീയ പ്രസ്ഥാനം, പൂർണ്ണ ആത്മവിശ്വാസത്തോടെ ആ ദൗത്യം വീണ്ടും ഏറ്റെടുക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിലെ നേരിന്റെ രൂപമായ നമ്മുടെ പ്രിയപ്പെട്ട ശ്രീ രാഹുൽ ഗാന്ധി, സ്വതന്ത്ര ഇന്ത്യയിൽ ഇന്നേവരെ ഒരു രാഷ്ട്രീയ നേതാവും ഏറ്റെടുത്തിട്ടില്ലാത്ത ഒരു കഠിന നിയോഗവുമായി സധൈര്യം മുന്നോട്ടുവരികയാണ്. കന്യാകുമാരി മുതൽ കശ്മീർ വരെ 151 ദിവസങ്ങളായി 3571 കിലോമീറ്റർ ദൂരം കാൽനടയായി കടന്നുചെല്ലുന്ന 'ഭാരത് ജോഡോ പദയാത്ര' ഈ സെപ്തംബർ 7ന് സമാരംഭിക്കുകയാണ്.

അതെ, ആത്മാർത്ഥതയുള്ള ഒരു നേതാവും കൂടെ പ്രതീക്ഷാനിർഭരമായ മനസ്സോടെ ഒരു നാടും ഒരുമിച്ച് നടന്നു തുടങ്ങുകയാണ്, ഇന്ത്യ എന്ന ആശയത്തെ വീണ്ടെടുക്കാൻ, ഈ രാജ്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണെന്ന് ഉറപ്പിച്ചെടുക്കാൻ, നമ്മുടെ ജീവിത സാഹചര്യങ്ങൾ അൽപ്പംകൂടി മെച്ചപ്പെടുത്തിയെടുക്കാൻ, നീതിയിലും സന്തോഷത്തിലുമധിഷ്ഠിതമായ ഒരു ഭാവി നമുക്കായി രൂപപ്പെടുത്തിയെടുക്കാൻ. നിങ്ങളുമുണ്ടാവില്ലേ ഈ മഹാപ്രസ്ഥാനത്തോടൊപ്പം?

സാന്നിദ്ധ്യം കൊണ്ടും മനസ്സുകൊണ്ടും ഈ 'ഭാരത് ജോഡോ പദയാത്ര'യിൽ പങ്കുചേരണമെന്ന് ഏവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More