തിരുവനന്തപുരം: തിരുവോണം പ്രമാണിച്ച് കേരളത്തിൽ പച്ചക്കറി വില കുത്തനെ കൂടി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ പല ഇനങ്ങൾക്കും രണ്ടും മൂന്നും ഇരട്ടി വിലയാണ് വർധിച്ചത്. കാരറ്റ്, ബീൻസ്, മുരിങ്ങക്കായ തുടങ്ങിയ ഇനങ്ങളുടെ ചില്ലറ വില കിലോയ്ക്ക് 100 രൂപ കടന്നു. കഴിഞ്ഞയാഴ്ച 20 രൂപ ഉണ്ടായിരുന്ന വെണ്ടയ്ക്ക് ഇന്ന് വില 80 രൂപയായി. തക്കാളി, ബീൻസ്, പടവലം എന്നിവയ്‌ക്കെല്ലാം വില കുത്തനെ കൂടി. മഴയാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് ഇതര സംസ്ഥാന കച്ചവടക്കാരുടെ വിശദീകരണം. എന്നാൽ ഓണം സീസൺ മുന്നിൽകണ്ടുള്ള കൃത്രിമ വിലക്കയറ്റമാണ് ഇതെന്നാണ് ആക്ഷേപം.
വർഷങ്ങളായി പച്ചക്കറിക്കായി കേരളം ആശ്രമിക്കുന്നത് തമിഴ്നാട്ടിലെ മേട്ടുപ്പാളയം, ഒട്ടൻഛത്രം, കാരമഡ, പുളിയംപട്ടി, തെങ്കാശി, ഹൊസൂർ, കർണാടകയിലെ മൈസൂരു തുടങ്ങിയ ഇതര സംസ്ഥാന വിപണികളെയാണ്. ഓണമടുത്തതോടെ ഏത്തയ്ക്ക വില നൂറിലേക്ക് അടുക്കുകയാണ്. നാടൻ ഏത്തക്കയ്ക്കു വിപണി വില തൊണ്ണൂറു മുതൽ നൂറു വരെയാണ്. മേട്ടുപ്പാളയം കായകൾക്കു മൊത്തവില കിലോയ്ക്ക് 60 രൂപയും ചില്ലറവില 70 രൂപയുമാണ്. വയനാട്, മേട്ടുപ്പാളയം, മൈസൂർ, കോയമ്പത്തൂർ, കന്യാകുമാരി, തെങ്കാശി എന്നിവിടങ്ങളിൽനിന്നാണ് ഏത്തയ്ക്ക എത്തുന്നത്. ഓണമടുത്തതോടെ വില ഇനിയും ഉയർന്നേക്കും. കനത്തമഴയിൽ നാശമുണ്ടായതിനെത്തുടർന്ന് നാടൻ പച്ചക്കറി വരവു കുറഞ്ഞതോടെ മറുനാടൻ പച്ചക്കറികൾ തന്നെയാകും ഓണവിപണി കീഴടക്കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതിനിടയിലും എത്ര വിലകൊടുത്തും ഓണം കെങ്കേമമാക്കാനുള്ള ഉത്രാടപാച്ചിലിലാണ് കേരളം. ഓണത്തോടനുബന്ധിച്ച് വിപണിയുടെ തിരക്ക് പൂർണതയിൽ എത്തുന്നത് ഉത്രാട ദിനത്തിലാണ്. ഒട്ടേറെ ഓഫറുകളും സമ്മാനങ്ങളുമൊക്കെ ഒരുക്കിയാണ് വിവിധ വ്യാപാര സ്ഥാപനങ്ങൾ ഓണവിപണിയെ വർണാഭമാക്കുന്നത്. എവിടെയും ഓണം മേളകളുടെ പൂരമാണ്. വഴിയോരക്കച്ചവടവും പൊടിപൊടിക്കുകയാണ്. പച്ചക്കറി– പലചരക്ക് കടകളിലും തിരക്ക് വർധിച്ചു. പൂ വിപണിയും ഉഷാർ. വിഭവസമൃദ്ധമായ ഓണസദ്യയും പായസവുമൊക്കെ ഒരുക്കി ഹോട്ടലുകളും കാറ്ററിങ് സർവീസുകളും ഓണാഘോഷങ്ങൾക്കു രുചി പകരാൻ രംഗത്തുണ്ട്.