ഈ വർഷത്തെ ഓണം ബമ്പർ വിൽപന 200 കോടി കവിഞ്ഞു. ഇന്നലെ വൈകിട്ടോടെ 41.55 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. സെപ്റ്റംബർ 18 ന് നറുക്കെടുപ്പ് നടക്കുന്നത് വരെ വിൽപ്പന തുടരും. റെക്കോർഡ് വിൽപ്പനയാണ് ഇക്കുറി ഓണം ബമ്പർ നേടിയിരിക്കുന്നത്. ആവശ്യക്കാര്‍ കൂടിയതോടെ 10 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിക്കേണ്ടി വന്നിരുന്നു. കറന്‍സിയുടെ സുരക്ഷയാണ് ഇത്തവണത്തെ ടിക്കറ്റിന്റെ പ്രത്യേകത. 25 കോടിയാണ് ഒന്നാം സമ്മാനം. അഞ്ച് കോടി രണ്ടാം സമ്മാനം നൽകും. പത്ത് പേര്‍ക്ക് അഞ്ച് കോടി മൂന്നാം സമ്മാനവും 90 പേര്‍ക്ക് ഒരു കോടി രൂപ നാലാം സമ്മാനവുമായി ലഭിക്കും.
കഴിഞ്ഞ വർഷം 54 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം 300 രൂപയായിരുന്ന ബമ്പറിന് ഇക്കുറി 500 രൂപയാക്കിയെങ്കിലും വിൽപ്പനയിൽ കുറവ് വന്നില്ല. ഇതിനകം ടിക്കറ്റ് വിൽപ്പനയിൽ ഈ വർഷത്തെ വിറ്റുവരവും ലോട്ടറി വകുപ്പിന്റെ അറ്റാദായവും 2021 ലെ കണക്കുകൾ മറികടന്നു.
ഒരാഴ്ച്ചക്കുള്ളിൽ തന്നെ റെക്കോർഡ് വിൽപനയായിരുന്നു ഇക്കുറി ഓണം ബമ്പറിന്. ടിക്കറ്റ് പുറത്തിറക്കി ഒരാഴ്ച്ചക്കുള്ളിൽ പത്തര ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റുപോയത്. തുടക്കത്തിൽ തന്നെ റെക്കോർഡ് കളക്ഷൻ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനായിരുന്നു ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം.