അമൃത്സര്‍: പഞ്ചാബി ഗായകന് സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ പ്രതികള്‍ ബോളിവുഡ് നടന് സല്മാന് ഖാനെ വധിക്കാനും പദ്ധതിയിട്ടതായി പഞ്ചാബ് പൊലീസിന്റെ വെളിപ്പെടുത്തല്‍. സിദ്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ കപില്‍ പണ്ഡിറ്റാണ് പൊലീസിന്റെ ചോദ്യംചെയ്യലിനിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. സല്മാന് ഖാനെ കൊലപ്പെടുത്താനായി ദിവസങ്ങളോളം ഗുണ്ടാസംഘം മുംബൈയില്‍ തങ്ങിയെന്നും നടന്റെ വീടും പരിസരവും നിരീക്ഷിച്ചെന്നും പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചു.
കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തിന്റെ നേതാവ് ഗോള്‍ഡി ബ്രാര്‍ ആണ് സല്മാന് ഖാനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. സിദ്ധു മൂസേവാല കേസില്‍ അവസാനമായി അറസ്റ്റിലായത് ദീപക് മുണ്ഡി, രജീന്ദര്‍, കപില്‍ പണ്ഡിറ്റ് എന്നിവരാണ്. ഇവരെ മാന്‍സ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയ് സല്‍മാനെ ആക്രമിക്കാനായി നടത്തിയ നീക്കത്തിലും കപില്‍ പണ്ഡിറ്റിന് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി മുഴുവന്‍ പ്രതികളെയും ചോദ്യംചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അടുത്തിടെ സല്മാന് ഖാന് തോക്കുപയോഗിക്കാനുളള ലൈസന്‍സ് ലഭിച്ചിരുന്നു. മുംബൈ പൊലീസാണ് സല്മാന് ഖാന് ആയുധം കൈവശംവയ്ക്കാനുളള ലൈസന്‍സ് അനുവദിച്ചത്. വധഭീഷണി ഉണ്ടായതിനെത്തുടര്‍ന്നാണ് സല്മാന് ഖാന് മുംബൈ പൊലീസ് കമ്മീഷണറെ കണ്ട് തോക്കുപയോഗിക്കാനുളള ലൈസന്‍സിന് അപേക്ഷ നല്‍കിയത്. സിദ്ധു മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ടതിനുപിന്നാലെ ജൂണ്‍ അഞ്ചിനാണ് സല്മാന് ഖാനും പിതാവിനും വധഭീഷണി കത്ത് ലഭിച്ചത്. മെയ് 29-നായിരുന്നു സിദ്ദു മൂസേവാല കൊല്ലപ്പെട്ടത്. മൂസേവാലയുടെ ഗതിയായിരിക്കും സല്‍മാനും പിതാവിനും എന്നായിരുന്നു കത്തിലുണ്ടായിരുന്നത്.