മുംബൈ: ബോളിവുഡ് നടന് ആമിര്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരനും നടനുമായ ഫൈസല്‍ ഖാന്. തന്നെ മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്ന് ചിത്രീകരിക്കുകയും വളരെക്കാലം വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു എന്നാണ് ഫൈസല്‍ ഖാന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ സ്വത്തുക്കളുടെ ക്രയവിക്രയത്തിനുളള അധികാരം സ്വന്തമാക്കാന്‍ ആമിര്‍ ഖാന് ശ്രമിച്ചെന്നും ഫൈസല്‍ ഖാന് ആരോപിച്ചു. നവ്ഭാരത് ടൈംസ് എന്ന ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
'ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ നേരിട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എനിക്ക് ഭ്രാന്താണെന്നും സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ കഴിയില്ലെന്നും സ്ഥാപിച്ച് എന്റെ സ്വത്തുക്കളുടെ ക്രയവിക്രയാധികാരം സ്വന്തമാക്കാന്‍ ആമിര്‍ ശ്രമിച്ചു. കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ എനിക്ക് കഴിയില്ലെന്ന് കോടതിയില്‍ പറയണം എന്ന് ആമിര്‍ എന്നോട് ആവശ്യപ്പെട്ടു. അതോടെ ഞാന്‍ വീടുവിടാന്‍ തീരുമാനിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കുടുംബവുമായി അകലം പാലിക്കാന്‍ ശ്രമിച്ചതോടെ അവരെന്നെ വീട്ടുതടങ്കലിലാക്കി. എന്റെ ഫോണ്‍ എടുത്തുമാറ്റി. ഞാന്‍ അകപ്പെടുകയായിരുന്നു. അവരെന്നെ ചില മരുന്നുകള്‍ കുടിപ്പിക്കാനും ശ്രമിച്ചു. ഞാന്‍ പുറത്തിറങ്ങാതിരിക്കാന്‍ ആമിര്‍ കാവല്ക്കാരെ ഏര്‍പ്പാടാക്കി. കുറച്ചുകാലം എനിക്ക് പുറംലോകവുമായി ഒരു ബന്ധവുമില്ലായിരുന്നു. വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് പൊലീസുകാരനായ സുഹൃത്തിന്റെ അടുത്താണ് എത്തിയത്. ഒരുപാടുവര്‍ഷം കേസ് നടത്തിയാണ് ഞാന്‍ മാനസിക രോഗിയല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തിയത്. അവസാനം ഞാന്‍ കേസ് ജയിച്ചു'- ഫൈസല്‍ ഖാന് പറഞ്ഞു.