സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വവർഗ ദമ്പതികൾ ഹൈക്കോടതിയിൽ. നികേഷും സോനുവുമാണ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ ആദ്യ സ്വവർഗ ദമ്പതികളാണ് നികേഷും സോനുവും. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്‌റ്റർ ചെയ്‌തുനൽകാൻ അധികൃതരോട് നിർദേശിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജിയിൽ കോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിശദീകരണം തേടിയിട്ടുണ്ട്.
സ്പെഷ്യൽ മാര്യേജ് ആക്ടനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്യണമെന്ന അപേക്ഷ നിരസിക്കപ്പെട്ട സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ വ്യവസ്ഥയില്ലാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. സ്വവർഗ വിവാഹം സുപ്രീംകോടതി 2018-ൽ നിയമവിധേയമാക്കിയതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവാഹം, ദത്തെടുക്കൽ, ഇൻഷുറൻസ് പോലുള്ള അവകാശങ്ങൾ സ്വവർഗ ദമ്പതികൾക്ക് ലഭിക്കുന്നില്ലെന്നും ഇരുവരും ഹർജിയിൽ ഹർജിയിൽ പറയുന്നു.