കേരളത്തിൽ ഇന്ന് 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്- 10, കാസർകോട്- 3, പാലക്കാട്- 4, മലപ്പുറം- 1, കൊല്ലം- 1 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച ഒമ്പതുപേരും കാസർകോട്ടെ മൂന്ന് പേരും വിദേശത്തു നിന്ന് വന്നവരാണ്. പാലക്കാടുനിന്നുള്ള 4 പേരും മലപ്പുറം, കൊല്ലം ജില്ലകളിൽനിന്നുള്ളവരും തമിഴ്നാട്ടിൽ നിന്ന് വന്നതാണ്. ഈ സാഹചര്യത്തിൽ കേരള തമിഴ്നാട് അതിർത്തിയിൽ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 426 ആയി. 117 പേർ ചികിത്സയിലുണ്ട്. ഇന്ന് 102 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16 പേർ ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെ 20,252 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 19,442 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. ആകെ 36,667 പേർ നിരീക്ഷണത്തിലാണ്. 36,335 പേർ വീടുകളിലും 332 പേർ ആശുപത്രികളിലും ആണ് നീരീക്ഷണത്തിലുള്ളത്. സംസ്ഥാനത്തെ നിലവിലെ അവസ്ഥ പ്രവചനാതീതമാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.