തിരുവനന്തപുരം: പ്രമുഖ സിനിമാ - സീരിയല്‍ നടനും എഴുത്തുകാരനുമായ രവി വള്ളത്തോള്‍ അന്തരിച്ചു. തിരുവനന്തപുരത്തെ വഴുതക്കാടുള്ള വസതിലായിരുന്നു അന്ത്യം. 62 വയസ്സായിരുന്നു. കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ രവി വള്ളത്തോളിന്റെ അന്ത്യം വസതിയിലായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും.
2003-ല്‍ സംസ്ഥാന അവാര്‍ഡ് നേടിയിട്ടുള്ള രവിവള്ളത്തോള്‍ കുറച്ചുകാലമായി അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഗാന രചയിതാവ് എന്ന നിലയില്‍ 1976-ല്‍ പുറത്തുവന്ന 'മധുരം തിരുമധുരം' എന്ന ചിത്രത്തിന് പാട്ടെഴുതിക്കൊണ്ടാണ് സിനിമാ രംഗത്തെത്തുന്നത്. പിന്നീട് അഭിനയ രംഗത്തേക്ക് മാറിയപ്പോഴും എഴുത്ത് കൈവിട്ടില്ല. പാട്ടിനു പുറമെ കഥകളും എഴുതിയിട്ടുണ്ട്. ഇരുപത്തിയഞ്ചിലധികം കഥകള്‍ പുറത്ത് വന്നിട്ടുണ്ട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'രേവതിക്കൊരു പാവക്കുട്ടി' എന്നാ സിനിമയുടെ കഥാരചന നിര്‍വ്വഹിച്ചത് രവിവള്ളത്തോളാണ്
ലെനില്‍ രാജേന്ദ്രന്‍, അടൂര്‍ ഗോപാലകൃഷണന്‍ തുടങ്ങിയവരുടെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. സ്വാതിതിരുനാള്‍, നാലുപെണ്ണുങ്ങള്‍, മതിലുകള്‍, സര്‍ഗ്ഗം, ഗോഡ് ഫാദര്‍, കമ്മീഷണര്‍, തുടങ്ങി 46 സിനിമകളിലും 100 - ലധികം ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സീരിയലുകളുടെ സുവര്‍ണ്ണകാലമായിരുന്ന ദൂരദര്‍ശന്‍ തിരുവനന്തപുരം കേന്ദ്രത്തിന്റെ തുടക്കകാലത്ത് സീരിയലുകള്‍ക്ക് ഒഴിവാക്കാന്‍ കഴിയാതിരുന്ന നടനായിരുന്നു രവി വള്ളത്തോള്‍. അക്കാലത്തെ ജനപ്രിയ സീരിയലായിരുന്ന 'ജ്വാലയായ്' ല്‍ പ്രധാന വേഷം ചെയ്തു. ഏറ്റവും നല്ല സീരിയല്‍ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്ക്കാരം നേടിയിട്ടുണ്ട്. നാടകകൃത്ത് പരേതനായ ടി.എന്‍.ഗോപിനാഥന്‍ നായരുടെ മകനാണ്.