ലോക്ഡൗണിൽ ഇതര സംസ്ഥാനത്ത് കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികളുമായി ഉത്തർപ്രദേശ്. ആദ്യഘട്ടത്തിൽ 2,224 പേർ ഹരിയാനയിൽ നിന്ന് മടങ്ങിയെത്തിയതായി യുപി സർക്കാർ അവകാശപ്പെട്ടു. 82 ബസുകളിലായാണ് ഇവരെ സംസ്ഥാനത്ത് എത്തിച്ചത് .11,000 തൊഴിലാളികൾ ഞായറാഴ്ചയോടെ തിരിച്ചെത്തുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി പറഞ്ഞു. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പതിനായിരക്കണക്കിന് തൊഴിലാളികളാണ് നാട്ടിൽ പോകാൻ ശ്രമിച്ചത്. കാൽനടയായി സ്വന്തം സംസ്ഥാനത്തേക്ക് പോകാൻ ശ്രമിച്ച തൊഴിലാളികൾ ഉത്തരേന്ത്യയിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഇന്ത്യയിൽ കോവിഡ ബാധിച്ചവരുടെ എണ്ണം 24,942 ആയി. മരണസംഖ്യ 779 ആയി ഉയർന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 5,209 പേർക്ക് അസുഖം ഭേദമായി. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 50,000 കവിഞ്ഞു. 10 ദിവസത്തിനുള്ളിൽ രോഗികളുടെ ഇരട്ടിയായി. 8,75,000-ത്തിലധികം അമേരിക്കക്കാർക്ക് വൈറസ് ബാധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ മരണസംഖ്യ 2 ലക്ഷത്തിനോട് അടുക്കുകയാണ്.