ഡൽഹിയിൽ 233 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് . ഇവരിൽ മൂന്നിൽ ഒന്നു പേർ മലയാളികളാണ്. 21 ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരാണ് ഇവര്‍. ഇവരുമായി ഇടപെട്ടവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 5 ആശുപത്രികൾ പൂർണമായും അടച്ചുപൂട്ടി. ആദ്യ ഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച ആശുപത്രികൾ രോഗാണു വിമുക്തമാക്കി ഭാഗികമായി തുറന്നിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ രോഗ ബാധിതരാകുന്നതാണ് ആരോഗ്യമേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഡൽഹിയിൽ രോഗം സ്ഥിരീകരിക്കുന്ന 15 പേരിൽ ഒരാൾ ആരോഗ്യ പ്രവർത്തകരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരിൽ 80 ശതമാനത്തിനും രോഗ ലക്ഷണം ഉണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ ആശുപത്രിയിൽ ആർക്കെങ്കിലും രോഗം സ്ഥരീകരിച്ചാൽ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും നിരീക്ഷണത്തിലാക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.
അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തിലേക്ക് അടുക്കുന്നു. കഴിഞ്‍ 24 മണിക്കൂറിനിടെ 62 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 1534 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 29432 പേർക്കാണ് ആകെ രോഗം ബാധിച്ചത്. മരണ സംഖ്യ 934 ആയി. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും രോഗ ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗികളുടെ രോഗ മുക്തി നേടുന്നവരുടെ നിരക്ക് 22.17 ശതമാനം എത്തിയതായും, ദിവസം തോറും ഈ നിരക്കിൽ പുരോഗതിയുണ്ടാകുന്നുണ്ടെന്നും വ്യക്തമാക്കി. 10.5 ദിവസം കൂടുമ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരട്ടിക്കുന്നത്. നേരത്തെ 4 ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായിരുന്നു. രോഗ പരിശോധനയുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമല്ലാത്തത് തിരിച്ചടിയാകുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പരിശോധനാ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.