സിറോ മലബാർ സഭ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അന്തരിച്ചു. 78 വയസ്സായിരുന്നു. പുലർച്ചെ 1.38 ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ആരോഗ്യ നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. മൃതദേഹം മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം മെയ് 5-ന് ഉച്ചക്ക് 2.30ക്ക് വാഴത്തോപ്പ് കത്തീഡ്രൽ പള്ളിയിൽ നടക്കും.
2003 മുതൽ 2018 വരെ ഇടുക്കി രൂപതയുടെ അധ്യക്ഷനായി പ്രവർത്തിച്ചു . 2018-ൽ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു. ഇടുക്കിയിൽ നിരവധി ഭൂസമരങ്ങൾക്ക് നേതൃത്വം നൽകി. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരിയായിരുന്നു ആനിക്കുഴിക്കാട്ടിൽ. ഇടുക്കി ജില്ലയിലെ ഗാഡ്‌കിൽ, കസ്‌തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. രണ്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അനുശോചനം അറിയിച്ചു.