കോഴിക്കോട് നിന്നും അതിഥി തൊഴിലാളികളുമായി ട്രെയിൻ ഝാർഖണ്ഡിലേക്ക് തിരിച്ചു. 1175 തൊഴിലാളികളും 4 കുട്ടികളുമാണ് കേരളത്തിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്. 42 കെഎസ്ആർടിസി ബസുകളിലായാണ് ഇവർ റെയിൽവെ സ്റ്റേഷനിൽ എത്തിയത് വിവിധ ലേബർ ക്യാമ്പുകളിൽ നിന്നാണ് ഇവർ റെയിൽവെ സ്റ്റേഷനിൽ എത്തിയത്. മുഴുവൻ തൊഴിലാളികളെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കി. യാത്രക്കിടെ ആവശ്യമായ ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടം ഇവർക്ക് നൽകി. ടോക്കൺ നൽകിയാണ് ഓരോരുത്തരെയും പ്ലാറ്റ്ഫോമിൽ പ്രവേശിപ്പിച്ചത്. ടോക്കൺ പ്രകാരമാണ് ഇവരെ ബോഗികളിൽ കയറ്റിയത്.
തൊഴിലാളികൾക്ക് നിർദ്ദേശം നൽകാൻ ഭാഷയറിയുന്നവരെ പ്ലാറ്റ്ഫോമിൽ നിയോഗിച്ചിരുന്നു. ജില്ലാ കളക്ടറും പൊലീസ് കമ്മീഷണറും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 33 മണിക്കൂർ യാത്രചെയ്ത് മറ്റന്നാൾ ഉച്ചക്ക് ശഷം തൊഴിലാളികൾ ഝാർഖണ്ഡിൽ എത്തും. കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിച്ചാണ് യാത്ര. നോൺ സ്റ്റോപ്പ് ട്രെയിനാണ് ഓടുന്നത്. എന്നാൽ റെയിൽവെ സാങ്കേതിക നടപടികളുടെ ഭാഗമായി ട്രെയിൻ നിർത്തിയാൽ ബോഗികളിൽ നിന്ന് പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്