സംസ്ഥാനത്ത് ഹയർസെക്കന്ററി പരീക്ഷാ മൂല്യനിർണയം നീണ്ടുപോകുമെന്ന് ആശങ്ക. അധ്യാപകരുടെ കുറവ് മൂലമാണ് മൂല്യനിർണയം നീണ്ടു പോകുന്നത്. പൊതു ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ അധ്യാപകർക്ക് ക്യാമ്പുകളിൽ എത്താൻ കഴിയുന്നില്ല. നിലവിലെ സാഹചര്യത്തിൽ എത്താൻ പറ്റുന്നവർ മൂല്യനിർണയത്തിന് എത്തിയാൽ മതിയെന്ന് കോഴിക്കോട് റീജ്യണൽ ഡയറക്ടർ അറിയിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ ആകെ എട്ട് മൂല്യ നിർണയ ക്യാമ്പുകളാണ് ഉള്ളത്. ഇവിടങ്ങളിൽ എല്ലാം തന്നെ പ്രതീക്ഷതിനേക്കാൾ കുറവ് അധ്യാപകർ മാത്രമാണ് എത്തിയിരിക്കുന്നത്. കോഴിക്കോട് നഗരത്തിലെ മോഡൽ ഹൈസ്കൂളിൽ ഇന്നലെത്തേക്കാൾ മൂന്ന് അധ്യാപകർ മാത്രമാണ് കൂടുതലായി എത്തിയത്. ഫിസിക്സ് കെമിസ്ട്രി വിഷയങ്ങളിലാണ് ഇവിടെ മൂല്യനിർണയം നടക്കുന്നത്. ഒരാഴ്ചകൊണ്ട് മൂല്യ നിർണയം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത് നീണ്ടു പോകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. രണ്ടാം ഘട്ട പരീക്ഷയുടെ മൂല്യനിർണയം ജൂണിൽ നടക്കും.
സംസ്ഥാനത്ത് ഹയർസെക്കന്ററി പരീക്ഷാ മൂല്യനിർണയം ഇന്നലെയാണ് ആരംഭിച്ചത് രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയാണ് മൂല്യ നിർണയ ക്യാമ്പുകളുടെ സമയം. സിബിഎസ്സി പരീക്ഷാ മൂല്യനിർണയം അധ്യാപകർക്ക് വീടുകളിൽ നടത്തും. സാമൂഹ്യ അകലം പാലിച്ചാണ് മൂല്യനിർണയം നടത്തുക. ഓരോ ക്ലാസുകളിലും നിശ്ചിത എണ്ണം അധ്യാപകരെ മാത്രമെ പ്രവേശിപ്പിക്കൂ. ക്ലാസുകളിൽ സാനിറ്റൈസറുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുണ്ട്. ഫേസ് മാസ്ക് ധരിച്ചവരെ മാത്രമെ മൂല്യനിർണയ ക്യാമ്പുകളിൽ പ്രവേശിപ്പിക്കൂ. ലോക്ഡൗണിന് മുമ്പ് അവസാനിച്ച പരീക്ഷകളുടെ മൂല്യനിർണയമാണ് ഇപ്പോൾ നടക്കുന്നത്.