കേരളത്തിൽ മദ്യ വിൽപനക്കായി ഓൺലൈൻ ടോക്കൺ ആപ്പ് തയ്യാറാകുന്നു. പുതിയ മൊബൈൽ ആപ്പിന്റെ ട്രയൽ റൺ ചൊവ്വാഴ്ച നടക്കും. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെയർകോഡ് ടെക്നോളജീസ് എന്ന സ്ഥാപനമാണ് മദ്യവിൽപനക്കായി മൊബൈൽ ആപ്പ് തയ്യാറാക്കുന്നത്. സംസ്ഥാനത്തെ ആയിരത്തോളം മദ്യശാലകളെ ആപ്പിൽ ലിസ്റ്റ് ചെയ്യുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇത് 3 ദിവസം കൊണ്ട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് വെർച്വൽ ക്യൂവിനായി ടോക്കൺ വിതരണത്തിന്റെ ട്രയൽ റൺ നടക്കും. വിജയിച്ചാൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ മദ്യ വിതരണ കേന്ദ്രങ്ങൾ തുറക്കും. ബാറുകളിൽ നിന്ന് മദ്യം പാർസർ നൽകാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറിങ്ങിയിരുന്നു. മദ്യത്തിന് നികുതി വർദ്ധിപ്പിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഇന്ന് ഒപ്പു വെച്ചേക്കും.
Also Read
സ്മാർട്ട് ഫോണില്ലാത്തവർക്ക് സാധാരണ ഫോണിലൂടെ എസ്എംഎസിലൂടെ വെർച്വൽ ക്യൂ ടോക്കൺ എടുക്കാവുന്ന തരത്തിലാണ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഫെയർ കോഡ് സംസ്ഥാന സർക്കാറിന്റെ സ്റ്റാർട്ട് അപ്പ് മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനമാണ്. വിവാദം ഒഴിവാക്കാൻ സ്റ്റാർട്ട് അപ്പ് കമ്പനികളെ മാത്രം പരിഗണിച്ചാൽ മതിയെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. 30 ഓളം സ്റ്റാർട്ട് അപ്പ് കമ്പനികളിൽ നിന്നാണ് ഫെയർ കോഡിനെ തെരഞ്ഞെടുത്തത്.