സ്വകാര്യബസുകൾ നാളെമുതൽ സർവീസ് നടത്തും. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനം ആയത്. ബസുകൾ നാളെ മുതൽ നിരത്തിൽ ഇറക്കാമെന്ന് ഉടമകൾ സർക്കാറിന് ഉറപ്പുനൽകി. സർവീസ് നടത്തുന്നതിന് മുമ്പ് അറ്റകുറ്റപ്പണിക്കായി ബസ് ഉടമകൾ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.50 ശതമാനം യാത്രക്കാരുമായി സർവീസ് നടത്താനുള്ള ബുദ്ധമുട്ട് ഉടമകൾ അറിച്ചതായും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സർക്കാറിന്റെ പരിമിതികൾ ബസ് ഉടമകൾക്ക് ബോധ്യപ്പെട്ടു. സർക്കാറിന്റെ വിശദീകരണത്തിൽ ബസ് ഉടമകൾക്ക് അതൃപ്തിയില്ലെന്നും മന്ത്രി പറഞ്ഞു.
സമൂഹിക അകലം പാലിച്ച് 50 ശതമാനം യാത്രക്കാരുമായി സർവീസ് നടത്തണമെന്ന ആവശ്യം ആശങ്ക ഉണ്ടാക്കിയിരുന്നെന്ന് ബസ് ഉടമകൾ പറഞ്ഞു . കൊവിഡ് കാലത്ത് സഹകരിക്കണമെന്ന സർക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് സർവീസ് നടത്തുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ലോറസ് ബാബു പറഞ്ഞു.