തിരുവനന്തപുരം: കൊവിഡ് -19 ന്റെ മറവില്‍ ലോകത്താകെ ഏകാധിപതികളായ ഭരണാധികാരികള്‍ മനുഷ്യാവകാശ ധ്വംസനം നടത്തുകയാണ്. അത്തരം ഭാരണാധികാരികളിലൊരാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
പകര്‍ച്ച വ്യാധിയുടെ മറവില്‍ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ കുഴിച്ചുമൂടുകയാണ്. അമേരിക്കയിലും, ലണ്ടനിലും, ഡല്‍ഹിയിലും, തിരുവനന്തപുരത്തും ഇത് തന്നെയാണ് നടക്കുന്നത് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
പ്രതിപക്ഷം ആരോപണം ഉന്നയിച്ചില്ലായിരുന്നുവെങ്കില്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളര്‍ കേരളത്തിലെ ജനങ്ങളുടെ ഡാറ്റ വിറ്റ് കാശാക്കുമായിരുന്നു. കോടതിയും പ്രതിപക്ഷവും വസ്തുതകള്‍ മനസ്സിലാക്കിയപ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു പിടിച്ചുനില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. രക്ഷയില്ലെന്നു കണ്ടപ്പോള്‍ മലക്കം മറിയുന്ന കാഴ്ചയാണ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലൂടെ കണ്ടെതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം കേരളത്തിലെ 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ ഡാറ്റ സ്പ്രിങ്ക്ളര്‍ കമ്പനിക്ക് നല്കി എന്ന ആരോപണത്തിന്റെ അടിസ്ഥാനം പത്രവാര്ത്തകളാണെന്നും അത് സംബന്ധിച്ച രേഖകള്‍ തന്റെ കൈവശമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.