കാസർകോട് കാലിക്കടവിൽ ബീഹാറിലേക്ക് നടന്നുപോകാൻ ശ്രമിച്ച അതിഥി തൊഴിലാളികളെ പൊലീസ് തടഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം 40 ഓളം പേരെയാണ് പൊലീസ് തടഞ്ഞത്. കാലിക്കടവ് ചെക്ക്പോസ്റ്റിന് സമീപത്തു നിന്നാണ് ഇവരെ പൊലീസും ആരോഗ്യ പ്രവർത്തകരും തടഞ്ഞത്. ട്രെയിൻ ഏർപ്പെടുത്തിയില്ലെങ്കിൽ ഏതുവിധേനയും നാട്ടിൽ എത്തുക എന്നതാണ് ലക്ഷ്യമെന്ന് തൊഴിലാളികൾ പറഞ്ഞു. ബീഹാറിലേക്കുള്ള അടുത്ത ശ്രമിക് ട്രെയിനിൽ കൊണ്ടുപോകാമെന്ന ഉദ്യോഗസ്ഥർ ഇവർക്ക് ഉറപ്പുകൊടുത്തു. തുടർന്ന് നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ഇവർ താമസ സ്ഥലത്തേക്ക് തിരിച്ചുപോയി.
കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് നാട്ടിലേക്ക് നടന്നു പോകാൻ തൊഴിലാളികൾ ശ്രമിച്ചിരുന്നു. റെയിൽവെ പാളത്തിലൂടെ നടന്ന് കണ്ണുർ റെയിൽവെ സ്റ്റേഷനിൽ എത്തിയ ഇവരെ പൊലീസ് തടഞ്ഞു. നാട്ടിലേക്ക് തിരിച്ചയക്കാൻ നടപടിയെടുക്കാമെന്ന ഉറപ്പിന്മേൽ ഇവർ താമസ സ്ഥലത്തേക്ക് തിരിച്ചുപോയി.-