ഉത്തർപ്രദേശിലെ ബറേലിയിൽ പ്രണയനൈരാശ്യത്തിൽ പ്ലസ് ടുക്കാരിയായ കാമുകി കാമുകനെ ആക്രമിച്ചു. ബ്ലേഡ് ഉപയോഗിച്ചാണ് പെൺകുട്ടി സഹപാഠിയായ ആണ്‍കുട്ടിയെ ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരുക്കേറ്റ ആൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. മുഖത്തെ രക്തക്കുഴലുകൾക്ക് മാരകമായി വെട്ടേറ്റിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ഇരുവരുടെയും പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് കാമുകിയെ പ്രകോപിതയാക്കിയത്. ''സ്വന്തം സൗന്ദര്യത്തിൽ നിനക്ക് അഹങ്കാരമാണ്, ഇനി നിന്നെയാരും വിവാഹം കഴിക്കില്ല'' എന്ന് ആക്രോശിച്ചാണ് പെൺകുട്ടി ബ്ലേഡ് കൊണ്ട് മുഖത്ത് വെട്ടിയത്. സ്കൂളിലേക്ക് പോകുന്ന വഴിയാണ് വിദ്യാർത്ഥി ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന് ശേഷം പെൺകുട്ടി സ്ഥലത്ത് ബോധം കെട്ടുവീണു. ആൺകുട്ടിയുടെ ബന്ധുക്കൾ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.