ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വെട്ടുകിളി ആക്രമണം രൂക്ഷമായി തുടരുന്നു. പഞ്ചാബിലും ഹരിയാനയിലും ഉത്തരാഖണ്ഡ് ഡൽഹി സംസ്ഥാനങ്ങളിൽ കർഷകർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. വെട്ടുകിളി ഏറ്റവും രൂക്ഷമായ ഹരിയാനയിലെ 12 ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഒരുമാസം മുമ്പാണ് പാകിസ്ഥാനിൽ നിന്ന് വെട്ടുകിളികൾ ഇന്ത്യയിൽ എത്തിയത്. രാജസ്ഥാനിലാണ് വെട്ടുകിളികൾ ആദ്യം എത്തിയത്. തുടർന്ന് ഗുജറാത്ത് പഞ്ചാബ് മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ വെട്ടുകളികൾ കനത്ത നാശം വിതച്ചു. തുടർന്ന് വെട്ടുകിളികൾ വടക്കോട്ട് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ഹരിയാനയിലും ഡൽഹിയിലും അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.
രാജസ്ഥാനിൽ വെട്ടുകിളി ആക്രമണത്തിൽ 1 ലക്ഷം ഹെക്ടറുകളിലെ കൃഷിനശിച്ചതായാണ് കണക്കാക്കപ്പെടുന്നത്. മഹാരാഷ്ട്രയിലും വിദർഭയിലും നാണ്യവിളകകൾക്കാണ് കൂടുതൽ നാശം ഉണ്ടായത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വെട്ടുകിളി പ്രതിസന്ധി സൃഷ്ടിക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കുകിഴക്കൻ ഭാഗങ്ങളിലേക്ക് വെട്ടുകിളികൾ നീങ്ങാനുള്ള സാധ്യത മുന്നിൽ കണ്ട് ബീഹർ ഒറീസ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിൾ കൺട്രോൾ റൂമുകൾ തുറക്കാൻ സംസ്ഥാന സർക്കാറുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.