ഡല്‍ഹി: കുടിയേറ്റ (അതിഥി) തൊഴിലാളികള്‍ക്കു വേണ്ടി നടത്തുന്ന ശ്രമിക് ട്രെയിനിലെ ടിക്കറ്റ് ചാര്‍ജ് വഹിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്ന് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ പ്രഖ്യാപനത്തിന് വിരുദ്ധമായി സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നയം വ്യക്തമാക്കിയിരിക്കുന്നത്. ശ്രമിക്ക് ട്രെയിനുകള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ തൊഴിലാളികളുടെ ടിക്കറ്റിന്റെ 85 ശതമാനവും വഹിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ഇതനുസരിച്ച് വെറും 15% മാത്രം വഹിച്ചാല്‍ മതിയെന്ന് കരുതിയിരുന്ന സംസ്ഥാനങ്ങള്‍ക്ക് പുതിയ കേന്ദ്ര നിലപാട് തിരിച്ചടിയായിരിക്കുകയാണ്.
കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ദുരിതങ്ങള്‍ സംബന്ധിച്ച് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ നിലപാടറിയിച്ചത്. കുടിയേറ്റ തൊഴിലാളികള്‍ ടിക്കറ്റ് ചാര്‍ജ് സ്വയം നല്‍കേണ്ടതില്ലെന്ന് പറഞ്ഞ സോളിസിറ്റര്‍ ജനറല്‍ ഇത് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതെന്ന് കോടതിയില്‍ പറഞ്ഞു. തൊഴിലാളികള്‍ പുറപ്പെടുന്ന സംസ്ഥാനമോ അവരെ സ്വീകരിക്കുന്ന സംസ്ഥാനമോ ആണ് ടിക്കറ്റ് ചാര്‍ജ് വഹിക്കേണ്ടത് എന്നാണ് കേന്ദ്ര നിലപാട്.