പമ്പ ത്രിവേണിയിലെ മണലെടുക്കുന്നത് കേരള ക്ലെയ്സ ആൻഡ് സെറാമിക്സ് നിർത്തി. മണൽ വനത്തിനു പുറത്തേക്ക് കൊണ്ടുപോകരുതെന്ന് വനം വകുപ്പ് ഉത്തരവ് ഇറക്കിയതിനെ തുടർന്നാണ് മണലെടുക്കുന്നത് നിർത്തിവെച്ചത്. പെരിയാർ ടൈഗർ റിസർവിൽ ഉൾപ്പെട്ട സ്ഥലത്തെ മണലെടുപ്പ് നിർത്തിവെക്കണമെന്ന് ഇന്നലെ വൈകീട്ടാണ് വനം വകുപ്പ് സെക്രട്ടറി ഉത്തരവിട്ടത്. പമ്പയിൽ നിന്ന് എടുക്കുന്ന മണൽ വനത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോകരുതെന്നായിരുന്നു നിർദ്ദേശം. എടുക്കുന്ന മണൽ വനം വകുപ്പ് നിർദ്ദേശിക്കുന്ന സ്ഥലത്ത് നിക്ഷേപിക്കണമെന്നും ഉത്തരവിലുണ്ട്. ക്ലെയ്സ് ആൻഡ് സെറാമിക്സ് മണൽ പുറത്ത് വിൽക്കുന്നുണ്ടെങ്കിൽ വില നിർണയിക്കുന്നത് തീരുമാനിക്കണം. എടുക്കുന്ന മണലിന്റെ അളവ് ജില്ലാ കളക്ടർ പരിശോധിക്കണമെന്നും വനം വകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
വനം വകുപ്പിന്റെ അനുമതിയില്ലാതെ മണൽ നീക്കുന്നത് വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് വനം വകുപ്പ് മണൽ നീക്കുന്നതിൽ നിബന്ധന ഏർപ്പെടുത്തിയത്. ദേവസ്വം സെക്രട്ടറിയുടെ അനുമതിയോടെയായിരുന്നു നേരത്തെ കരാറുകാർ മണൽ എടുത്തിരുന്നത്.