മുംബൈ : അറബിക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം നിസര്‍ഗ്ഗ ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ട് മുബൈതീരത്തേക്ക് ആഞ്ഞടിച്ചു. ഉച്ചക്ക് 12 .30 ആരംഭിച്ച ശക്തമായ കാറ്റ് മണിക്കൂറില്‍ 100 -120 കിലോമീറ്റര്‍ വേഗതയിലാണ് ആഞ്ഞടിച്ചത്. ഏകദേശം 2.30 വരെ നീണ്ടു നിന്ന ചുഴലിയിലും കനത്ത മഴയിലും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. വൈകീട്ടോടെ നിസര്‍ഗയുടെ ശക്തി കുറയുമെന്ന് ഇന്ത്യ മെറ്റീരീയോളജിക്കല് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപാത്ര വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
മുംബൈക്ക് തെക്കു കിഴക്ക് ഭാഗത്ത് 75 കിലോമീറ്റര്‍ അകലെ അലിബാഗ് തീരത്താണ് നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രാ തീരം തൊട്ടത്. കാറ്റിന്റെ വേഗത 90 കിലോമീട്ടരായി കുറഞ്ഞിട്ടുണ്ട് വൈകീട്ടോടെ അത് വീണ്ടും കുറയുമെന്ന് ഐഎംഡി അറിയിച്ചു. കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് മുംബൈ വിമാനത്താവളം വൈകീട്ട് എഴുമണി വരെ അടച്ചു. കനത്ത മഴയും കാറ്റും കാരണം പൂനയില്‍ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. മുംബൈയിലെ തീരപ്രദേശങ്ങളില്‍ നിന്ന് 40,000 ഒഴിപ്പിച്ചതായും റിപ്പോര്ടുണ്ട്