കഠിനംകുളം കൂട്ട ബലാത്സംഗക്കേസിലെ മുഖ്യ പ്രതി പിടിയിൽ. ഓട്ടോ ഡ്രൈവർ നൗഫലാണ് പിടിയിലായത്. പീഡനത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞതിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. നൗഫലിന്റെ ഓട്ടോറിക്ഷയിലാണ് യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. കേസില്‍ 7 പ്രതികളാണ് ഉള്ളത്. അതില്‍ ആറുപേരെ നേരത്തെ റിമാന്‍റ് ചെയ്തിരുന്നു.
കഠിനംകുളം ചാന്നാങ്കരയിലെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു നൗഫല്‍. യുവതിയുടെ മകനെ മർദ്ദിച്ചതിന് ഇയാൾക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരയുടെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കയച്ചു. അവരുടെ ശരീരത്തിലും മുഖത്തും ഉപദ്രവിച്ചതിന്റെ പാടുകളുണ്ട്.
ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ച് ശേഷം 6 വയസ്സുള്ള മകൻ്റെ മുന്നിലിട്ടാണ് യുവതിയെ 7 പേരടങ്ങുന്ന സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്നന്വേഷിക്കുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ സുരേഷ് പറഞ്ഞു.