വയനാട് പുൽപ്പള്ളയിൽ കടുവയുടെ കടിയേറ്റ് യുവാവ് മരിച്ചു. പുൽപ്പള്ളിക്ക് സമീപം പാതിരയിലാണ് സംഭവം. മണൽവയൽ ബസവൻ കൊല്ലിയിലെ മാധവദാസിന്റെ മകൻ ശിവകുമാറാണ് മരിച്ചത്. ഇയാളുടെ മൃതദേഹം കടിച്ചു കീറിയ നിലയിൽ ഉൾവനത്തിൽ നിന്നാണ് കിട്ടിയത്. ഇന്നലെ മുതൽ ഇയാളെ കാണാൻ ഇല്ലായിരുന്നു. വനത്തിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു ശിവകുമാർ.
ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും ഫോറസ്റ്റ് ഗാർഡുമാരും പൊലീസുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് നിന്നും ചെരുപ്പും പണിയായുധങ്ങളും കണ്ടെടുത്തു. പൊലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുൽപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.