കൊടുംകുറ്റവാളി വികാസ് ദുബെയെ പൊലീസ് വെടിവെച്ച് കൊന്നു. വെള്ളിയാഴ്ച്ച രാവിലെ ദുബെയെ മധ്യപ്രദേശില്‍ നിന്ന് കാണ്‍പൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉണ്ടായ വാഹനാപകടത്തെതുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് പോലീസ് വെടിയുതിര്‍ത്തത്.
ഹൈവേയില്‍ നേരിയ മഴയില്‍ പൊലീസ് വാഹനം അപകടത്തില്‍പെട്ടെന്നും അപ്പോള്‍ പിസ്റ്റള്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വെടിവെച്ചുകൊന്നു എന്നുമാണ് പൊലീസ് നല്കിയ വിവരങ്ങള്‍. കീഴ്പ്പെടുത്താന്‍ ശ്രമിക്കും മുമ്പ് ദുബെ പൊലീസിന് നേരെ വെടിയുതിര്‍ത്തു എന്നും പൊലീസ് പറയുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കഴിഞ്ഞയാഴ്ച എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് വികാസ് ദുബൈ.
മധ്യപ്രദേശിലെ ഉജ്ജൈനിലെ പ്രശസ്തമായ മഹാകല്‍ ക്ഷേത്രത്തില്‍ നിന്നാണ് ഇന്നലെ ദുബെയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. കൊലപാതകം, വധശ്രമ ഉള്‍പ്പെടെയുള്ള 60 ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍ . ദുബെയെ കണ്ടെത്തുന്നവര്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ അനുനായികളായ രണ്ടുപേര്‍ കഴിഞ്ഞ ദിവസം നടന്ന പോലീസ് ഏറ്റുമുട്ടലില്‍ മരണപ്പെട്ടിരുന്നു.