രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ആഭ്യന്തര കലഹത്തിനിടെ 109 എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ പിന്തുണച്ചുള്ള കത്തില്‍ ഒപ്പിട്ടതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ പറഞ്ഞു.
''മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാരിനും, സോണിയഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തിനും പിന്തുണ അറിയിച്ച് 109 എംഎല്‍എമാര്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഒപ്പുവെക്കാത്ത ചില എംഎല്‍എമാര്‍ മുഖ്യമന്ത്രിയുമായി ഫോണിലൂടെ സംസാരിച്ചു. അവരും കത്തില്‍ ഒപ്പുവെയ്ക്കും എന്ന് പറഞ്ഞിട്ടുണ്ട്. ഞായറാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ അവിനാശ് പാണ്ഡെ വ്യക്തമാക്കി.
ഇന്ന് ജയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെ എല്ലാ നിയമസഭാംഗങ്ങള്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ടെന്നും പാണ്ഡെ പറഞ്ഞു. ''കാരണം ബോധിപ്പിക്കാതെ ഏതെങ്കിലും എംഎല്‍എമാര്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നാല്‍ അവര്‍ക്കെതിരെ കര്‍ശന അച്ചടക്കനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് മേധാവിയും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് 30 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടുന്നുണ്ട്. താന്‍ ബിജെപിയില്‍ ചേരില്ലെന്നും സച്ചിന്‍ മാധ്യമങ്ങളോട് പറഞ്ഞു.