കൊവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായ എറണാകുളത്ത് 9 പുതിയ കണ്ടെയ്ന്മെന്റ് സോണുകൾ. ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 70 പേരിൽ 59 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. . ചെല്ലാനം ആലുവ കീഴ്മാട് എന്നിവടങ്ങളിലാണ് സമ്പർക്ക വ്യാപന ഭീഷണി നിലനിൽക്കുന്നത്. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ക്ലസ്റ്ററുകൾ രൂപീകരിച്ചത്. ചെല്ലാനത്തെ 3 വാർഡുകളിൽ നടത്തിയ ആന്റീജൻ പരിശോധനയിൽ 25 പേർക്ക് പൊസിറ്റീവായി. ഉടൻ തന്നെ ഫലം ലഭിക്കുന്ന ആൻരിജൻ പരിശോധന ഈ പ്രദേശത്ത് തുടരും. പരിശോധനയിൽ പൊസിറ്റീവ് ആകുന്നവരെ ഉടൻ തന്നെ കൊവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റും. അതേസയം എറണാകുളം മാർക്കറ്റിൽ നിന്നുള്ള സമ്പർക്ക വ്യാപന തോത് കുറഞ്ഞിട്ടുണ്ട്.
ആലുവയിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ ആന്റിജൻ പരിശോധന ആരംഭിച്ചിട്ടുണ്ട്. കീഴ്മാട് പഞ്ചായത്തിൽ വിവാഹചടങ്ങിൽ പങ്കെടുത്ത 82 പേരിൽ പരിശോധ നടത്തി. ഇവരിൽ 25 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിവാഹം സംഘടിപ്പിച്ചതിന് കല്യാണത്തിൽ പങ്കെടുത്തവർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവരിൽ 20 പേർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു.