സര്‍ക്കാറിന് വേണ്ടിയുള്ള ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളെ വിലക്കി ഇന്ത്യ. പ്രതിരോധം, ദേശീയ സുരക്ഷ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടു കൂടി മാത്രമേ ഇനിമുതല്‍ കമ്പനികള്‍ക്ക് ഇന്ത്യക്കുവേണ്ടി ടെൻഡറുകളിൽ പങ്കെടുക്കാന്‍ കഴിയൂ.
എന്നാല്‍, ഇന്ത്യ വായ്പ്പയോ, വികസന സഹായമോ നല്‍കുന്ന രാജ്യങ്ങളെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചൈനയെയും, പാക്കിസ്ഥാനേയും മാത്രം ലക്ഷ്യംവച്ചുള്ളതാണ് നടപടിയെന്നു വ്യക്തം. എന്നാല്‍ 2020 ഡിസംബര്‍ 31 വരെ കോവിഡ്-19 യുടെ ഭാഗമായുളള, മെഡിക്കല്‍ സഹായം വാങ്ങുന്നത് ഉള്‍പ്പെടെയുള്ള പരിമിതമായ കേസുകളില്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഇളവുകള്‍ നല്‍കി.
സ്വകാര്യമേഖലയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, സര്‍ക്കാരില്‍ നിന്നോ അതിന്റെ സ്ഥാപനങ്ങളില്‍ നിന്നോ സാമ്പത്തിക സഹായം ലഭിക്കുന്ന എല്ലാ പൊതുമേഖലാ ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും, സ്വയംഭരണ സ്ഥാപനങ്ങളും, സെന്‍ട്രല്‍ പബ്ലിക് സെക്ടര്‍ എന്റര്‍പ്രൈസസും (സിപിഎസ്ഇ), പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികളും നിയന്ത്രണത്തിന്റെ പരിധിയില്‍ വരും.
''പ്രതിരോധത്തിന്റെയും ദേശീയ സുരക്ഷയുടെയും ഭാഗമായി അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നുളള ലേലക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ 2017 പൊതു ധനകാര്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതായി'' ധനമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.