'ഫായിസ്' എന്നാല്‍ അറബി ഭാഷയില്‍ 'വിജയി' എന്നാണ് അര്‍ത്ഥം. ഈ പേരിനെപ്പോലും അന്വര്‍ത്ഥമാക്കുന്ന പ്രകടനംകൊണ്ട് കേരളത്തിന്റെ കയ്യടി വാങ്ങുകയാണ് കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിയായ നാലാം ക്ലാസുകാരൻ മുഹമ്മദ് ഫായിസ്. കഠിനാധ്വാനം ചെയ്തിട്ടും ജീവിത വിജയം ലഭിക്കുന്നില്ലെന്ന് നിരാശപ്പെടുന്നവർക്ക് കിടിലൻ മോട്ടിവേഷനാണ് ഫായിസിന്റെ ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍.
പേപ്പര്‍ കൊണ്ട് പൂവുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ഒരു ഭാവവ്യത്യാസവുമില്ലാതെ ഫായിസ് കാണിച്ച ആത്മവിശ്വാസമാണ് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രശംസക്ക് കാരണമായത്. പ്രമുഖരടക്കം നിരവധി പേര്‍ ആ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
പൂ നിര്‍മാണത്തിന്റെ ഓരോ ഘട്ടവും ഫായിസ് സ്വന്തം ഭാഷയില്‍ വിവരിച്ച് നല്‍കുന്നുണ്ട് വീഡിയോയില്‍. പേപ്പര്‍ പലവിധത്തില്‍ മടക്കി കത്രിക കൊണ്ട് മുറിച്ചെടുക്കുമ്പോള്‍ അതൊരു പൂവാകുമെന്നായിരുന്നു വീഡിയോയുടെ തുടക്കത്തില്‍ ഫായിസ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ മുറിച്ച ഭാഗം മാറി. കടലാസ് പൂവായില്ല. പക്ഷേ, പരാജത്തിന്റെ ഒരു ഭാവമാറ്റമോ സങ്കടമോ ഫായിസിനുണ്ടായില്ല. തുടര്‍ന്ന് ഫായിസ് പറയുന്നതാണ് ഹിറ്റായത്... 'ചെലോര്ത് ശരിയാകും ചെലോര്ത് റെഡിയാവൂല, എന്റത് റെഡിയായില്ല്യ. ന്റത് വേറെ മോഡലാ വന്ന്ക്ക്ണത്, ന്തായാലും മ്മക്ക് കൊയ്പ്പല്യ...'