കൊച്ചി: മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്ന നടന്‍ അനില്‍ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. 57 വയസ്സായിരുന്നു.
ടെലിവിഷന്‍ സീരിയലുകളിലൂടെ രംഗത്തുവന്ന അനില്‍ മുരളി 1990 കളുടെ തുടക്കത്തില്‍ വിനയന്‍ സംവിധാനം ചെയ്ത 'കന്യാകുമാരിയില്‍ ഒരു കവിത' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങളില്‍ അനില്‍ മുരളി വേഷമിട്ടു. വില്ലനായും സ്വഭാവ നടനായും തിളങ്ങി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'ദൈവത്തിന്റെ വികൃതികള്‍',ചാന്ത്പൊട്ട്, നേരറിയാന്‍ സിബിഐ, തനി ഒരുവന്‍, കൊടി, ബല്റാം വിഎസ് താരാദാസ്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറന്‍സിക് തുടങ്ങി 200 ഓളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.
സ്വഭാവനടനായും വില്ലന്‍ വേഷങ്ങളിലും നിറഞ്ഞാടിയ അനില്‍ മുരളി തന്റെ വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. തിരുവനന്തപുരം സ്വദേശിയാണ്. മുരളീധരന്‍ നായരും ശ്രീകുമാരിയമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ സുമ. ആദിത്യ, അരുന്ധതി എന്നിവര്‍ മക്കളാണ്.