അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച കോട്ടയം മോനിപ്പള്ളി സ്വദേശി മെറിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കും. ഇതിനുള്ള നടപടികൾ സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മെറിന്റെ ബന്ധുക്കളെ അറിയിച്ചു. ഇന്ന് രാവിലെയാണ് വിവരം മെറിന്റെ മാതാപിതാക്കളെ മുരളീധരൻ ഈ വിവരം അറിയിച്ചത്. മെറിന്റെ മൃതദേഹം നാട്ടിൽ എത്തിക്കണമെന്ന് മാതാപിതാക്കൾ ആഗ്രഹം അറിയിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതിന് സാധ്യതയില്ലെന്നാണ് നേരത്തെ ഇവരെ അറിയിച്ചിരുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ഏഴുമണിക്കാണ് മെറിൻ ഭർത്താവ് ഫിലിപ്പ് മാത്യുവിന്റെ കുത്തേറ്റ് മരിച്ചത്. നേഴ്സായിരുന്ന മെറിൻ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കാർ പാർക്കിംഗ് ഏരിയയിൽ വെച്ച് ഫിലിപ്പ് മാത്യു കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. 17 ഓളം കുത്തുകളാണ് മെറിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. മരണം ഉറപ്പാക്കാനായി കാർ ഇടിപ്പിക്കുകയും ചെയ്തു. പ്രദേശത്തു തന്നെയുള്ള ഹോട്ടലിൽ വെച്ച് ഫിലിപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫസ്റ്റ് ഡിഗ്രി കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലാകും മുമ്പ് ഇയാൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. മെറിന്റെയും ഫിലിപ്പിന്റെയും വിവാഹം 2016 ലാണ് നടന്നത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും വേർപിരിഞ്ഞാണ് അമേരിക്കയിൽ താമസിച്ചിരുന്നത്