ഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ഗാന്ധിയുടെ കൊവിഡ് രക്ഷാ ബന്ധന്. 15.4 ദശലക്ഷം ഫോളോവേഴ്സുള്ള തന്റെ ട്വിറ്റർ കുടുംബത്തിനാണ് രാഹുൽ ഗാന്ധി രക്ഷാ ബന്ധന് നേര്‍ന്നിരിക്കുന്നത്. സഹോദരി പ്രിയങ്ക ഗാന്ധി വാർദ്രയെ ആലിംഗനം ചെയ്യുന്ന ഫോട്ടോ സഹിതമാണ് രാഹുൽ ആശംസയറിയിച്ചിരിക്കുന്നത്.
40 മിനിറ്റിനകം 18,000 ലൈക്കുകളാണ് ട്വീറ്റിന് ലഭിച്ചത്. പ്രിയങ്ക ഗാന്ധിയും രാഹുലിനോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. സന്തോഷത്തിലും സങ്കടത്തിലും തന്റെ സഹോദരനോടൊപ്പം നിൽക്കുമ്പോൾ താൻ സ്നേഹവും സത്യവും ക്ഷമയും പഠിച്ചുവെന്നും ഇത്തരമൊരു സഹോദരനെ ലഭിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്നും പ്രിയങ്ക കുറിച്ചു.
ഇതിനുമുൻപും വിവിധ അവസരങ്ങളിൽ ഇരുവരും സമൂഹ മാധ്യമങ്ങളിൽ ആശംസകൾ അറിയിക്കുകയും ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഇവരെക്കൂടാതെ, നിരവധി പ്രമുഖർ രക്ഷാബന്ധൻ ആശംസകളുമായി സമൂഹ മാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്.