പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ്. ഹൈക്കോടതിയിലാണ് വിജിലന്‍സ് നിലപാട് അറിയിച്ചത്. പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ഒരുതവണ ഇബ്രാഹീം കുഞ്ഞിനെ ചോദ്യം ചെയ്തത്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇനിയും അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. പാലാരിവട്ടം അഴിമതിപ്പണമാണ് ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൌണ്ടില്‍ എത്തിയത് എന്നുള്ള സംശയം നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ തവണ അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണ്ണായകമായ പല വിവരങ്ങളും വിജിലന്‍സിന് ലഭിച്ചുവെന്നാണ് വിവരം. ഉദ്യോഗസ്ഥര്‍ അടക്കം 19 പേരെ ചോദ്യം ചെയ്യാനും നീക്കമുണ്ട്. ഇബ്രാഹീം കുഞ്ഞിന്റെ സ്വത്ത് വിവരങ്ങള്‍ പരിശോധിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. അതിനിടെ, ഇബ്രാഹീം കുഞ്ഞിനെ കേസില്‍ പ്രതി ചേര്‍ക്കുന്നുണ്ടോ എന്ന് ആരാഞ്ഞുകൊണ്ട് എന്‍ഫോഴ്സ്മെന്റ് വിജിലന്‍സിന് കത്തയച്ചിട്ടുമുണ്ട്.
കീഴുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് താന്‍ ഫയലില്‍ ഒപ്പിട്ടതെന്ന് വിജിലന്‍സിന് നല്കിയ മൊഴിയില്‍ ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അഴിമതിപ്പണം ആര്‍ക്കൊക്കെ കിട്ടിയെന്ന കാര്യത്തിലേക്ക് അന്വേഷണം നീട്ടുകയാണ് വിജിലന്‍സ്.