സഭാതര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി മാര്‍തോമന്‍ പള്ളി എറ്റെടുക്കൽ നടപടി പൂര്‍ത്തിയായി. പൊലീസ് പള്ളിയുടെ ഗേറ്റ് പൊളിച്ച് അകത്തേക്ക് കടന്നു. പ്രതിഷേധിക്കുന്ന വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കി. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. പള്ളി താല്‍കാലികമായി പൂട്ടാന്‍ ഹൈക്കോടതി കലക്ടറോട് നിര്‍ദേശിച്ചിരുന്നു.
പള്ളി തർക്കം നിലനിന്നിരുന്ന എറണാകുളം മുളന്തുരുത്തി പള്ളി കേസിൽ ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധി വരുന്നത് കഴിഞ്ഞ വർഷമാണ്. പള്ളി 1934 ഭരണഘടന പ്രകാരം ഭരിക്കണമെന്ന് പള്ളിക്കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി ഉത്തരവിട്ടു.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പള്ളി ഏറ്റെടുക്കാന്‍ നേരത്തെ പൊലീസ് എത്തിയിരുന്നുവെങ്കിലും യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറേണ്ടിവന്നു. ഓര്‍ത്തഡോക്സ് സഭ തുടര്‍ന്ന് വീണ്ടും കോടതിയെ സമീപിച്ചു. എത്രയും പെട്ടെന്ന് പള്ളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതി നല്‍കിയ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ജില്ലാഭരണകൂടം പള്ളി ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയത്.