സിവിൽ സർവീസ് ഓഫീസർമാരുടെ പരിശീലനങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്ന് കേന്ദ്ര മന്ത്രിസഭ. ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കാൻ കർമയോഗി എന്ന പദ്ധതി കേന്ദ്രം ആവിഷ്കരിച്ചു.
മിഷൻ കർമ്മയോഗി അഥവാ നാഷണൽ പ്രോഗ്രാം ഫോർ സിവിൽ സർവീസസ് കപ്പാസിറ്റി ബിൽഡിംഗ് (എൻപിസിഎസ്‌സിബി) നാല് പുതിയ സംഘടനകൾ ചേർന്ന് നയിക്കും. സിവിൽ സർവീസുകാർക്ക് കൂടാതെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ റാങ്ക് മുതൽ സെക്രട്ടറി വരെയുള്ളവർക്ക് പരിശീലനം ലഭ്യമാകും. പ്രധാനമന്ത്രിയുടെ പബ്ലിക് ഹ്യൂമൻ റിസോഴ്‌സ് കൗൺസിൽ, കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷൻ, ഡിജിറ്റൽ-ഓൺലൈൻ പരിശീലനത്തിനുള്ള സാങ്കേതിക പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുവാനാകുന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി), ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപന യൂണിറ്റ് എന്നിവ ആയിരിക്കും പുതിയ സംഘടനകൾ.
പദ്ധതിക്കായി കർമ്മയോഗി പ്ലാറ്റ്ഫോം എന്ന പേരിൽ സംയോജിത സർക്കാർ ഓൺലൈൻ പരിശീലനവും (iGOT) വികസിപ്പിക്കും. മിഷൻ കർമ്മയോഗി രാഷ്ട്രസേവനത്തിന് തയ്യാറായി വരുന്നവരെ അനുയോജ്യമായ ഒരു കർമ്മയോഗിയാക്കി മാറ്റാനുള്ള ശ്രമമാണെന്നും അവരെ സർഗ്ഗാത്മകവും ക്രിയാത്മകവും സാങ്കേതികവുമായി ശാക്തീകരിക്കാനും ഈ പദ്ധതി സഹായിക്കുന്നുവെന്നും സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ഈ പദ്ധതി സർക്കാരിലെ മാനവ വിഭവശേഷി നിർവഹണ രീതികളെ മെച്ചപ്പെടുത്തുമെന്നും സിവിൽ സർവീസുകാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായ് അത്യാധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
46 ലക്ഷത്തോളം കേന്ദ്രസർക്കാർ ജീവനക്കാരെ ഉൾക്കൊള്ളുന്ന ഈ പദ്ധതി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആരംഭിക്കും. 510.86 കോടി രൂപയുടെ ചെലവാണ് പദ്ധതിക്കായി കണക്കാക്കിയിരിക്കുന്നത്. പ്രാരംഭ ധനസഹായം ലോകബാങ്ക്, ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് എന്നിവയുൾപ്പെടെയുള്ള ബഹുരാഷ്ട്ര ഏജൻസികളാണ് നൽകുന്നത്.