സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന റിയ ചക്രവബർത്തിയുടെ മുംബൈയിലെ വീട്ടിൽ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ റെയ്ഡ്. സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിറാൻഡയെ നാർക്കോട്ടിക്ക് കൺട്രോൾ ബ്യുറോ കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ വീട്ടിലും എൻസിബി റെയ്ഡ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
എൻസിബിയുടെ പിടിയിലായ ലഹരി മരുന്ന് ഇടനിലക്കാരൻ സയ്യിദ് എന്നയാൾക്ക് റിയയുടെ സഹോദരനുമായി ബന്ധമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് റിയയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. സുശാന്തിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് റിയയുടെ മയക്കുമരുന്ന് ഉപയോഗം, കടത്ത് എന്നിവ സംബന്ധിച്ച് തെളിവുകൾ ലഭിച്ചിരുന്നു. മൊബൈൽ പരിശോധനയിലാണ് ഇത്തരത്തിലുള്ള സൂചനകൾ ലഭിച്ചത്. ഇതിനെ തുടർന്നാണ് എൻസിബി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ നടി റിയാ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് സിദ്ധാർത്ഥിനെ സിബിഐ ഉടൻ ചോദ്യം ചെയ്യും. കേസ് അന്വേഷിച്ചിരുന്ന മഹാരാഷ്ട്ര പൊലീസ് ഇയാളെ നേരത്തെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.
സുശാന്തിന്റെ പിതാവ് കെ കെ സിംഗ് റിയക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. റിയ സുശാന്തിന് വിഷം നൽകിയിരുന്നെന്നായിരുന്നു ആരോപണം. റിയയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സിംഗ് ആവശ്യപ്പെട്ടിരുന്നു. മരണവുമായി ബന്ധപ്പെട്ട് സിംഗ് നൽകിയ പരാതിയിലാണ് ബീഹാർ സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. ഇതിനെതിരെ റിയാ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. കേസിൽ റിയയുടെ 3 ബന്ധുക്കൾ അടക്കം അഞ്ച് പേരെ പ്രതി ചേർത്താണ് സിബിഐ അന്വഷണം നടത്തുന്നത്.
ജൂൺ 14 നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യയായണെന്ന് സ്ഥിരീകരിച്ചു. അതേ സമയം കൊലപാതകമാണെന്ന് ആരോപിച്ച് സുശാന്തിന്റെ ബന്ധുക്കൾ രംഗത്ത് വരികയായിരുന്നു.