ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 1,350 കോടി രൂപയുടെ സാമ്പത്തിക-ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് പ്രഖ്യാപനം നടത്തിയത്. ചെറുകിട, ഇടത്തരം സംരംഭങ്ങൾ, ടൂറിസം വ്യവസായം എന്നിവയെ തകര്‍ച്ചയില്‍ നിന്നും കരകയട്ടുന്നതിനാണ് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.
പാക്കേജിന്റെ ഭാഗമായി ജല-വൈദ്യുതി ബില്ലുകളിൽ ഒരു വർഷത്തേക്ക് 50 ശതമാനം ഇളവ് നൽകും. ഇതിനായി 105 കോടി നീക്കിവെച്ചിട്ടുണ്ട്. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് മുതൽ സംസ്ഥാനത്തെ വ്യവസായ മേഖല വൻ പ്രതിസന്ധിയിലാണ്. മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി പുതിയ വ്യവസായ നയം ഉടൻ പ്രഖ്യാപിക്കുമെന്ന് ലഫ്റ്റനന്റ് ഗവർണർ പറഞ്ഞു. ഒക്ടോബർ 1 മുതൽ ജമ്മു കശ്മീരിലെ ബാങ്കുകളിൽ യുവാക്കൾക്കും വനിതകൾക്കുമായി പ്രത്യേക ഡെസ്ക് ആരംഭിക്കുമെന്നും സിൻഹ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡ് സ്കീം അനുസരിച്ച് കൈത്തറി-കരകൗശല മേഖലക്ക് ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്ന വായ്പാപരിധി ഒരു ലക്ഷത്തില്‍നിന്നും രണ്ടുലക്ഷമായി ഉയര്‍ത്തുമെന്നും ലെഫ്റ്റനന്റ് ഗവർണർ അറിയിച്ചു. വ്യാവസായ സമൂഹത്തിന് പിന്തുണ നൽകുന്നതിനായി ഒരു പാനൽ രൂപീകരിക്കാനും സംസ്ഥാന ഭരണകൂടത്തിന് പദ്ധതിയുണ്ട്.