വിദേശ സർവകലാശാലകളിൽ നിന്നുള്ള ഏകവർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് അംഗീകാരം നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. വിദേശ പ്രോഗ്രാമുകളെ ഇന്ത്യയിലെ വിദ്യാഭ്യാസ പ്രോഗ്രാമുകളുമായി തുലനം ചെയ്യാനുള്ള ചുമതല കേന്ദ്രം അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിക്ക് നല്‍കി.
ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് തുടങ്ങിയ പല സർവകലാശാലകളും ഒരു വർഷത്തെ ബിരുദാനന്തര ബിരുദം നൽകുന്നുണ്ട്. എന്നാൽ അത് ഇന്ത്യയിൽ അംഗീകൃതമല്ല. രണ്ടുവർഷത്തെ പിജി കോഴ്‌സുകൾക്കാണ് ഇന്ത്യയിൽ സാധുതയുള്ളത്. വിദേശ സർവകലാശാലകളിൽ നിന്നുള്ള ഏകവർഷ പ്രോഗ്രാമുകൾ നേടിയവർക്ക് നിലവിൽ ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലോ സർക്കാർ ജോലികളിലോ പ്രവേശനം ലഭിക്കില്ല. എന്നാൽ, കോഴ്സുകളുടെ മൊത്തം ക്രെഡിറ്റ് മാർക്കും കോഴ്സ് കാലാവധിയും തമ്മിൽ താരതമ്യപ്പെടുത്തി ഏകവർഷ പിജി കോഴ്സുകൾക്കും തുല്യ പ്രാധാന്യം നൽകാനാണ് കേന്ദ്രത്തിന്റെ നീക്കം.
അതായത്, ഒരു വിദേശ സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തെ പിജി പ്രോഗ്രാമിന് ഇന്ത്യയിലെ രണ്ട് വർഷത്തെ പ്രോഗ്രാമിന് തുല്യമായ ക്രെഡിറ്റുകൾ ഉണ്ടെങ്കിൽ, അത് അംഗീകൃതമായി കണക്കാക്കുമെന്ന് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (എഐയു) സെക്രട്ടറി ജനറൽ പങ്കജ് മിത്തൽ പറഞ്ഞു. ഇന്ത്യയുടെ വിദ്യാഭ്യാസമേഖല ആഗോളമായി വ്യാപിക്കണമെങ്കിൽ നമ്മുടെ രാജ്യത്ത് വിദേശ ബിരുദങ്ങൾ അംഗീകരിക്കേണ്ടതുണ്ടെന്ന് മിത്തൽ കൂട്ടിച്ചേർത്തു.
വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ ഇന്ത്യയിൽ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതിന്മേലുള്ള ചർച്ചകൾ ഇതിനകം ആരംഭിച്ചതായും, പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന് പഠിക്കാന്‍ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.