തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി.എസ് ശിവകുമാറിന്റെയും മറ്റ് പ്രതികളുടെ വീടുകളിലുമായി നടന്ന റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെത്തിയതായി വിവരം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട 60 - ഓളം രേഖകളാണ് കണ്ടെത്തിയവയില്‍ ഏറെയും.
വിവിധ സ്ഥലങ്ങളില്‍ വാങ്ങിയ സ്വത്തുക്കള്‍, ഇതിനായി വിവിധ ഉറവിടങ്ങളില്‍ നിന്നായി ലഭിച്ച പണത്തിന്റെ രേഖകള്‍, ഏതൊക്കെ രീതിയില്‍ ചെലവഴിച്ചു എന്ന് തെളിയിക്കുന്ന രേഖകള്‍, എന്നിങ്ങനെ ലഭിച്ച രേഖകള്‍ തിങ്കളാഴ്ച തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.ശിവകുമാറിന്റെ സുഹൃത്തും കേസിലെ നാലാം പ്രതിയുമായ അഡ്വ.എന്‍.എസ് ഹരികുമാറിന് വീട്ടില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ ശനിയാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ശിവകുമാറിന്റെ ബാങ്ക് ലോക്കര്‍ പരിശോധിക്കാന്‍ വിജിലന്‍സ് സംഘം കോടതിയില്‍ നിന്ന് സര്‍ച്ച് വാറണ്ട് അനുമതി വാങ്ങും. ലോക്കര്‍ പരിശോധിക്കാന്‍ ശിവകുമാറിനെ അനുവദിക്കണമെന്ന് ബാങ്കിനോട് ഉദ്യോഗസ്ഥര്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും, രേഖാമൂലമുള്ള അനുമതി ബാങ്കുകളോട് വാങ്ങേണ്ടതുണ്ട്.
ശിവകുമാറിന്റെ എല്ലാ ബാങ്ക് രേഖകളും ഇടപാടുകളും പരിശോധിക്കും. ഇതിനായി എസ്ബിഐ ,കാനറാ ബാങ്കുകള്‍ക്ക് കത്തുകള്‍ ഉടന്‍ കൈമാറും .അന്വേഷണം സമയ ബന്ധിതമായി പൂര്‍ത്തീകരിക്കും. ഇതിനായി അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പത്ത് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി.കേസന്വേഷണ സംഘത്തിനു നേതൃത്വം നല്‍കുന്നത് സ്പെഷല്‍ സെല്‍ എസ് പി അജിയാണ്.