രാഹുൽ ഗാന്ധിക്ക് കർഷകരെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ. കോൺഗ്രസ് കർഷകരെ വഴിതെറ്റിക്കുകയാണെന്നും ഖട്ടാർ പറഞ്ഞു.
രാഹുലിന്റെ ഹരിയാന സന്ദർശനത്തെ പറ്റിയുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇനി അറിയിച്ചാലും സംസ്ഥാനത്തെ ക്രമസമാധാനനില തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും ഖട്ടാർ പറഞ്ഞു. കോൺഗ്രസിന്റെ ഖേതി ബചാവോ റാലിയുടെ ഭാഗമായി രാഹുൽ ഹരിയാന സന്ദർശിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഈ പരാമർശം. ചൊവ്വാഴ്ചയാണ് രാഹുൽ ഹരിയാനയിലെ പ്രതിഷേധ സ്ഥലത്ത് എത്തുക.
പഞ്ചാബിൽ ഇന്ന് നടന്ന റാലിയിൽ മോദി സർക്കാരിന്റെ കാർഷിക നിയമങ്ങളെ രാഹുൽ രൂക്ഷമായി വിമർശിച്ചു. മോദി ജനങ്ങളെ വഞ്ചിക്കുകയാണെന്നും കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആദ്യം ആ കരിനിയമങ്ങൾ കീറി എറിയുമെന്നും രാഹുൽ പറഞ്ഞു.