ഡല്‍ഹി :രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായെത്തുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് ഉച്ചയ്ക്ക് 12 .30 ഓടെ അഹമ്മദാബദു വിമാനത്താവളത്തില്‍ വിമാനമിറങ്ങും. രണ്ടുദിവസത്തെ സന്ദര്‍ശന പരിപാടികള്‍ മുഴുവനായി ചാര്‍ട്ടു ചെയ്തിട്ടുണ്ട്. വിമാനത്താവളത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്ന ട്രംപ് തുടര്‍ന്ന് സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. തുടര്‍ന്നാണ് 'നമസ്തേ ട്രംപ്' പരിപാടിക്കായി മൊട്ടേര സ്റ്റേഡിയത്തിലേക്ക് എത്തിചേരുക. 'നമസ്തേ ട്രംപ്' പരിപാടി വൈകീട്ട് 3 മണിവരെ നീളും. പിന്നീട് വിമാന മാര്‍ഗം ആഗ്രയിലേക്ക് തിരിക്കുന്ന ഡോണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും അവിടെ താജ്മഹല്‍ സന്ദര്‍ശിക്കും. രാത്രിയോടെ ഡല്‍ഹിക്ക് തിരിക്കുന്ന അമരിക്കന്‍ പ്രസിഡണ്ടിനും കുടുംബത്തിനും ഐടിസി മൌര്യ ഹോട്ടലിലാണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ത്രിതല സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയുട്ടുള്ളത്. ഇതിന്‍റെ ഭാഗമായി ഐടിസി മൌര്യ ഹോട്ടലിലെ 438- മുറികളും ഒഴിപ്പിച്ചിട്ടുണ്ട്. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ താജിലെ മുറികളും ഒഴിപ്പിച്ചിട്ടുണ്ട്. നാളെ (ചൊവ്വ ) രാവിലെ രാഷ്ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണത്തോട് കൂടിയാണ് സന്ദര്‍ശന പരിപാടികള്‍ ആരംഭിക്കുക. രാജ്ഘട്ട് സന്ദര്‍ശിച്ചതിനു ശേഷം ഹൈദരാബാദ് ഹൌസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഉഭയ കക്ഷി ചര്‍ച്ച നടക്കും. തുടര്‍ന്ന് ഇരു നേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തും. വൈകീട്ട് മൂന്നുമണിക്ക് വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. രാത്രി 7 -മണിയോടെ രാഷ്ട്രപതി ഭവനില്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും.തുടര്‍ന്ന് 10 -മണിയോടെ തിരിച്ചു പോകും.
അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനോപ്പം ഭാര്യ മേലാനിയ , മകള്‍ ഇവാങ്ക, മരുമകന്‍ ജെറാള്‍ഡ് കിഷ്നര്‍ എന്നിവരും ഇന്ത്യാ സന്ദര്‍ശനത്തിന് എത്തുന്നുണ്ട്