തിരുവനന്തപുരം: കവി ഏഴാച്ചേരി രാമചന്ദ്രന്‍റെ 'ഒരു വേര്ജീനിയന്‍ വെയില്ക്കാലം' എന്ന കവിതാ സമാഹാരത്തിനാണ് ഇത്തവണ വയലാര്‍ പുരസ്ക്കാരം ലഭിച്ചത്. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ഡോ. കെ.പി. മോഹനന്‍, ഡോ. എന്‍. മുകുന്ദന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരനാണ് അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, കാനായി കുഞ്ഞിരാമന്‍ രൂപ കല്‍പ്പന ചെയ്ത ശിലപവുമടങ്ങുന്നതാണ് വയലാര്‍ പുരസ്ക്കാരം.
ഇതിനകം നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള എഴാച്ചേരി രാമചന്ദ്രന്‍റെ നാല്‍പ്പതിലധികം കവിതകളുടെ സമാഹാരമാണ് 'ഒരു വേര്ജീനിയന്‍ വെയില്ക്കാലം'. നീലി, എന്നിലൂടെ, ആര്‍ദ്ര സമുദ്രം, കയ്യൂര്‍, ബന്ധുരാംഗീപുരം, കേദാര ഗൌരി,കാവടിച്ചിന്ത്, തങ്കവും തൈമാവും, ജാതകം കത്തിച്ച സൂര്യന്‍, മഴ വരയ്ക്കുന്ന ഗുഹാചിത്രങ്ങള്‍, അമ്മവീട്ടില്‍ പക്ഷി, ഉയരും ഞാന്‍ നാടാകെ, കാറ്റു ചിക്കിയ തെളിമണലില്‍ എന്നിവയാണ് പ്രധാന കൃതികള്‍. പ്രഫഷണല്‍ നാടക ഗാനരച്ചനയ്ക്ക് മൂന്നു തവണ സ്മ്താന്‍ പുരസ്കാരം നേടിയിടുണ്ട്. 'ചന്ദനമണിവാതില്‍ പാതി ചാരി' തുടങ്ങി നിരവധി ചലച്ചിത്ര ഗാനങ്ങളുടെ രചയിതാവാണ്. കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ്, കേരളാ ബാല സാഹിത്യ ഇന്സ്റ്റിട്ട്യൂട്ട് അവാര്‍ഡ്, മൂലൂര്‍ പുരസ്ക്കാരം, ഉള്ളൂര്‍ പുരസ്ക്കാരം, അബുദാബി ശക്തി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.
പത്ര പ്രവര്‍ത്തകനായിരുന്ന കവി എഴാച്ചേരി രാമചന്ദ്രന്‍ ദേശാഭിമാനിയില്‍ നിന്ന് അസിസ്റ്റന്‍റ്റ് എഡിറ്ററായാണ് വിരമിച്ചത്. കേരളാ സാഹിത്യ ആക്കാദമിയുടെയും ചലച്ചിത്ര അക്കാദമിയുടെയും നിര്‍വ്വാഹക സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍; പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡണ്ടാണ്.
കോട്ടയം ജില്ലയിലെ രാമപുരത്ത് എഴാച്ചേരിയിലാണ് കവി എഴാച്ചേരി രാമചന്ദ്രന്‍ ജനിച്ചത്.