കർഷക വിരുദ്ധ പ്രസ്താവന നടത്തിയതിന്റെ പേരിൽ നടി കങ്കണ റനൗട്ടിനെതിരെ തുംകുരു ജില്ല പൊലീസ് കേസെടുത്തു. അഡ്വക്കേറ്റ് എൽ. രമേഷ് നായ്ക്കിന്റെ പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്തത്.
നടിക്കെതിരെ കേസ് നൽകിയത് പ്രശസ്തി ആഗ്രഹിച്ചല്ലെന്നും മറിച്ച് അവർ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെടുത്താണാണെന്നും നായ്ക് പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ കാർഷിക ബില്ലിനെതിരെ കർഷകർ പ്രതിഷേധിക്കുന്നതിനാൽ അവരെ തീവ്രവാദികളെന്ന് വിളിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തുംകൂർ പൊലീസ് പരാതി പരിഗണിക്കാത്തതിനെ തുടർന്ന് സെപ്റ്റംബർ 28നാണ് രമേഷ് തുംകൂർ കോടതിയിൽ കങ്കണക്കെതിരെ പരാതി നൽകിയത്.
സിഎഎക്കെതിരെ പ്രതിഷേധിക്കുകയും അതിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തവർ തന്നെയാണ് ഇപ്പോൾ കാർഷിക ബില്ലിനെതിരെയും പ്രതിഷേധിക്കുന്നതെന്നാണ് കങ്കണ പറഞ്ഞത്. രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ഇവർ തീവ്രവാദികളാണെന്നും കങ്കണ പറഞ്ഞിരുന്നു.