ചാണകത്തിൽ നിന്നും അണുപ്രസരണ വിരുദ്ധ ചിപ്പ് ഉണ്ടാക്കാമെന്ന രാഷ്ട്രീയ കാമധേനു ആയോഗിന്റെ വാദത്തിന് ശാസ്ത്രീയമായ തെളിവ് ആവശ്യപ്പെട്ട് 400ഓളം ശാസ്ത്രജ്ഞർ. രാജ്യത്തെ കന്നുകാലി സമ്പത്തിനെ ശാസ്ത്രീയമായി പരിപാലിക്കുന്നതിനായ് നിർമിച്ച രാഷ്ട്രീയ കമദേനു ആയോഗിന്റെ ചെയർമാൻ വല്ലഭഭായ് കത്തിരിയയാണ് ഇത്തരത്തിൽ പരാമർശം നടത്തിയത്. ഇത്തരത്തിൽ പരാമർശം നടത്താൻ അദ്ദേഹത്തിന് എവിടെനിന്നാണ് വിവരം ലഭിച്ചതെന്നും ശാസ്ത്രജ്ഞർ ചോദിച്ചു.
ഐഐടി മുംബൈ, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്നിവിടങ്ങളിലെ ഗവേഷകരാണ് തെളിവ് ആവശ്യപ്പെട്ടത്. ചിപ്പ് ശാസ്ത്രീയപരമായി പരിശോധിക്കപ്പെട്ടതാണെന്നാണ് വല്ലഭഭായി പറഞ്ഞിരുന്നത്. അദ്ദേഹം പറഞ്ഞ പരീക്ഷണങ്ങൾ എവിടെ വെച്ചാണ് നടന്നതെന്നും എപ്പോഴാണ് നടന്നതെന്നും പരീക്ഷണഫലങ്ങൾ എവിടെയാണ് പ്രസിദ്ധീകരിച്ചതെന്നും ശാസ്ത്രജ്ഞർ ചോദിച്ചു. ഗവേഷണത്തിനായുള്ള പണം എവിടെനിന്ന് ലഭിച്ചെന്നും ഗവേഷകർ ചോദിച്ചു.
ചാണകത്തിന്റെ അണുപ്രസരണ വിരുദ്ധ സ്വഭാവം കാരണം ചാണകത്തിൽ നിന്നും നിർമിച്ച ചിപ്പുകൾ മൊബൈൽ ഫോണുകളിൽ ഘടിപ്പിക്കുന്നതിലൂടെ ജനങ്ങളെ അണുപ്രസരണത്തില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയുമെന്നാണ് കത്തിരിയ മാധ്യമങ്ങളോട് പറഞ്ഞത്. 'ഗോസത്ത്വ കവച്' എന്നാണ് പേരിട്ടിരിക്കുന്ന ചിപ്പ് നിർമിച്ചത് ഗുജറാത്തിലുള്ള ഒരു ഗോശാലയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.