മലയാള സിനിമയിൽ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്. മലയാള സംഗീത സംവിധായകർക്കും ഗായകർക്കും അർഹിക്കുന്ന വില കിട്ടുന്നില്ലെന്നും വിജയ് അഭിപ്രായപ്പെട്ടു. മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ ഈ പ്രശ്നം ഇല്ല. ഈ അവഗണയെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. പിതാവ് യേശുദാസിനും മലയാള സിനിമയിൽ നിന്നും ദുരനുഭവമുണ്ടായിട്ടുണ്ട്. സംഗീത ലോകത്ത് ഇത്തരം പ്രവണതകൾ വർദ്ദിക്കുകയാണെന്നും വിജയ് പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി വിജയ് സിനിമാ പിന്നണി രംഗത്ത് സജീവമാണ്. 2000 ൽ ഇറങ്ങിയ മിലനിയം സ്റ്റാർസിൽ പാടിയാണ് പിന്നണി ഗാനരംഗത്തെത്തിയത്. യേശുദാസും ഈ ചിത്രത്തിൽ പാടിയിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ മികച്ച ഗായകനുള്ള അവാർഡ് 3 തവണ വിജയ് നേടിയിട്ടുണ്ട്. 2018 ൽ ജോസഫ് എന്ന ചിത്രത്തിലെ ആലാപനത്തിനാണ് പുരസ്കാരം ലഭിച്ചത്. കൂടാതെ 5 തവണ ഫിലിം ഫെയർ അവാർഡും വിജയിയെ തേടി എത്തിയിട്ടുണ്ട്. 178 മലയാളം സിനിമാ ഗാനങ്ങളും 118 തമിഴ് സിനിമാ ഗാനങ്ങളുമാണ് വിജയ് യേശുദാസ് പാടിയിട്ടുള്ളത്.