ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി നിർമിക്കുന്ന 800 എന്ന ചിത്രത്തിൽ നിന്നും നടൻ വിജയ് സേതുപതി പിന്മാറി. വിജയ്സേതുപതിക്കും സിനിമക്കും എതിരെയുള്ള പ്രതിഷേധം കണക്കിലെടുത്താണാണ് തീരുമാനം. ചിത്രത്തിൽ നിന്ന് പിന്മാറുന്നതായി സേതുപതി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. മുത്തയ്യ മുരളീധരൻ തമിഴ് വംശജർക്ക് എതിരെ നിലപാട് എടുത്തു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധങ്ങൾ. നടൻ എന്ന നിലയിലുള്ള ഭാവി കണക്കിലെടുത്ത് ചിത്രത്തിൽ നിന്ന് പിന്മാറാൻ മുരളീധരൻ സേതുപതിയെ ഉപദേശിച്ചിരുന്നു. മുരളീധരന്റെ വാക്കുകൾ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് സേതുപതി അറിയിച്ചു.
ചിത്രത്തെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും പുറത്തുവന്നത് മുതൽ പ്രതിഷേധവും ആരംഭിച്ചിരുന്നു. ഈ മാസം എട്ടിനാണ് ചിത്രത്തിനെതിരെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും പറത്തിറങ്ങിയത്. ട്വിറ്ററിൽ ആരംഭിച്ച പ്രതിഷേധം തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തതോടെ വിഷയം ചൂടുപിടിച്ചു. ചിത്രത്തെ എതിർത്തും അനുകൂലിച്ചും നിരവധിയാളുകൾ രംഗത്തുവന്നു. തമിഴ് വികാരം ഉയർത്തി വൈക്കോയുടെ പാട്ടാളി മക്കൾ കച്ചി, തിരുവാളവൻ എന്നിവർ ചിത്രത്തെ ശക്തമായി എതിർത്തിരുന്നു.
തമിഴ് സിനിമരംഗത്തെ മുതിർന്ന വ്യക്തിത്വങ്ങളായ സംവിധായകൻ ഭാരതിരാജ, ഗാനരചയിതാവ് വൈരമുത്ത് എന്നിവർ ചിത്രത്തെ എതിർത്തത് നിർമാതാക്കളെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു. മുരളീധരൻ തമിഴ് രാജ്യം എന്ന ശ്രീലങ്കൻ തമിഴരുടെ സങ്കൽപത്തെ എതിർത്തയാളാണെന്നും, തമിഴ് കൂട്ടക്കൊലയെ പിന്തുണച്ചയാളാണെന്നും ഭാരതിരാജ അഭിപ്രായപ്പെട്ടു. അയാൾ വഞ്ചകരനാണെന്നും ലോകത്താകമാനമുള്ള തമിഴരുടെ വികാരം കണക്കിലെടുത്ത് ചിത്രം ചെയ്യരുതെന്നും ഭാരതിരാജ സേതുപതിയോട് ആവശ്യപ്പെട്ടു.