അഹമ്മദാബാദ്: ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ അന്തരിച്ചു. 92 വയസ്സായിരുന്നു. അഹമ്മദാബാദിലെ ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. കഴിഞ്ഞ സെപ്തംബറില്‍ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഗുജറാത്ത് ബിജെപിയുടെ പ്രമുഖ നേതാവായ കേശുഭായ് പട്ടേൽ ജനസംഘം സ്ഥാപകനേതാക്കളിലൊരാളാണ്. ആർഎസ്എസ് പ്രചാരക് ആയിരുന്ന കേശുഭായ് ജനസംഘത്തിലൂടെയാണ് രാഷ്ട്രീയപ്രവർത്തനത്തിലേക്ക് വന്നത്. ഗുജറാത്ത് നിയമസഭയിലേക്ക് ആറ് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1995 ലാണ് കേശുഭായ് പട്ടേൽ ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രി പദവിയിലെത്തുന്നത്. 2001 വരെ ഭരണം തുടർന്ന കേശുഭായ് 2012 ൽ ബിജെപി വിട്ട് ഗുജറാത്ത് പരിവർത്തൻ പാർട്ടി രൂപീകരിച്ചു. 2014 ൽ അദ്ദേഹത്തിന്റെ പാർട്ടി വീണ്ടും ബിജെപിയിൽ ലയിച്ചു.