തെരുവില്‍ കഴിയുന്ന പതിനാറായിരം കുട്ടികളെ ആന്ധ്ര പ്രദേശ് പോലീസ് രക്ഷപ്പെടുത്തി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ബാലവേല ചെയ്യുന്ന കുട്ടികളെയടക്കം 'ഓപ്പറേഷന് മുസ്കാന്' വഴി രക്ഷപ്പെടുത്തിയത്.കുട്ടികളുടെ കൊവിഡ് പരിശോധന നടത്തിവരികയാണ്. ആന്ധ്രപ്രദേശില്‍ കാണാതായ കുട്ടികളെ കണ്ടുപിടിക്കാനായി ഡിജിപി ഗൗതം സവാംഗ് ഉത്തരവിട്ടിരുന്നു. ഓപ്പറേഷന് മുസ്കാന്റെ ഭാഗമായി 794 സംഘങ്ങളായി തിരിഞ്ഞാണ് പോലിസ് കുട്ടികളെ കണ്ടെത്തിയത്. ചൈല്‍ഡ് ലൈനിന്റെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ശിശു സംരക്ഷണ സമിതിയുടെയും സഹകരണത്തോടെ റയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍ ഹോട്ടലുകളുമെല്ലാം കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടത്തിയത്.
അനാഥരും വീട്ടുകാര്‍ ഉപേക്ഷിച്ചതുമായ കുട്ടികളാണ് കണ്ടെത്തപ്പെട്ടവരില്‍ ഏറെയും. ഓപ്പറേഷന് മുസ്കാനിലൂടെ 13,588 ആണ്‍കുട്ടികളെയും 2,869 പെണ്‍കുട്ടികളെയുമാണ് രക്ഷപ്പെടുത്തിയത്. ചില കുട്ടികളെ അവരുടെ കുടുംബത്തോടൊപ്പം അയക്കാന്‍ കഴിഞ്ഞെന്നും മറ്റുളളവരെ ശിശു സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഓപ്പറേഷന് മുസ്കാന് വഴി കാണാതായ കുട്ടികളെ കണ്ടെത്തുക മാത്രമല്ല, കൊവിഡ് ടെസ്റ്റുകളും ചികിത്സയും നല്‍കുക കൂടി ഉദ്ദേശമുണ്ട്,
2195 കുട്ടികള്‍ക്ക് കൊവിഡ് പരിശോധന നടത്തിക്കഴിഞ്ഞു എന്നും ബാക്കിയുളളവരുടെ പരിശോധനകള്‍ നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ഇവരില്‍ 631 കുട്ടികള്‍ക്ക് കൊവിഡ് സ്ഥിതീകരിച്ചിട്ടുണ്ട്. ജനുവരി ആദ്യത്തോടെ തുടങ്ങിയ ഓപ്പറേഷന് മുസ്കാനിലൂടെ ഇതുവരെ 25,298 കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. നൊബേല്‍ സമ്മാന ജേതാവ് ആക്റ്റിവിസ്റ്റുമായ കൈലാഷ് സത്യവര്ത്തി ആന്ധ്ര പ്രദേശ് പോലീസിന്റെ ഓപ്പറേഷന് മുസ്കാനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.