കൊച്ചി: കലാലയങ്ങളില്‍ വിദ്യാര്‍ഥി സമരങ്ങള്‍ നിരോധിച്ചു കൊണ്ട് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. വിദ്യാര്‍ഥികളുടെ ഉത്തമ താല്പര്യങ്ങള്‍ ഹനിക്കുന്ന രീതിയില്‍ രാഷ്ട്രീയം കലാലയങ്ങളില്‍ പാടില്ലെന്നും ഹൈക്കോടതി ഉത്തരവില്‍വ്യക്തമാക്കി.
പഠിപ്പുമുടക്ക് സമരങ്ങള്‍, പ്രകടനം, മാര്‍ച്ചു നടത്തല്‍, ധര്‍ണ്ണ, ഘരാവോ തുടങ്ങിയവയൊന്നും ഇനി കലാലയങ്ങളില്‍ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. സമരത്തിനും പഠിപ്പു മുടക്കിനും വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന തരത്തില്‍ ഇടപെടരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഠിക്കുക എന്നത് വിദ്യാര്‍ഥികളുടെ മൌലിക അവകാശമാണ്. അത് ഹനിക്കപ്പെടാന്‍ പാടില്ല. സര്‍ഗാത്മക സംവാദത്തിനാണ് കലാലയങ്ങള്‍ വേദിയാകേണ്ടത്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന സമരങ്ങള്‍ അനുവദിക്കില്ല- കോടതി വ്യക്തമാക്കി.
സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും വിധി ബാധകമാകും. എന്തെങ്കിലും തരത്തില്‍ കലാലയ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളുണ്ടായാല്‍ മനെജുമെന്‍റുകള്‍ക്ക് പൊലിസിന്‍റെ സഹായം തേടാവുന്നതാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഉത്തരവുകള്‍ സര്‍ക്കാര്‍ പാലിക്കാന്‍ തയാറാവുന്നില്ലെന്നു കാണിച്ച് ലഭിച്ച 15- ഓളം ഹര്‍ജികള്‍ തീര്‍പ്പാക്കവെയാണ് ഹൈക്കോടതി പുതിയ ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ കലാലയ രാഷ്ട്രീയം പൂര്‍ ണ്ണമായി നിരോധിക്കേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.