ബാംഗ്ളൂര്‍: നവംബര്‍ 17 മുതല്‍ സംസ്ഥാനത്ത് ഡിഗ്രി, എഞ്ചിനീയറിംഗ്, ഡിപ്ലോമ, കോളേജുകള്‍ തുറക്കും. ഇതിനോടനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങളിറക്കി. ഓഫ്ലൈന് ക്ലാസുകള്‍ ആരംഭിക്കുന്നതിനുളള തയാറെടുപ്പുകള്‍ നടക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി സിഎന്‍ അശ്വന്ത നാരായണ അറിയിച്ചു.
മാതാപിതാക്കളുടെ സമ്മതപത്രം ഹാജരാക്കിയാല്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളില്‍ പ്രവേശനം അനുവദിക്കൂ. ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശപ്രകാരം മൊത്തം വിദ്യാര്‍ഥികളുടെ എണ്ണവും ലഭ്യമായ ക്ലാസ് മുറികളുടെ എണ്ണവും കണക്കിലെടുത്ത് സാമൂഹിക അകലം പാലിച്ചായിരിക്കണം ക്ലാസുകള്‍ തുറക്കേണ്ടത്. ക്ലാസുകളില്‍ വരാന്‍ താത്പര്യമില്ലാത്ത കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനവും ഒരുക്കണം. വിദ്യാര്‍ഥികള്‍ക്ക് വിഷയവുമായി ബന്ധപ്പെട്ടുളള സംശയ നിവാരണത്തിനായി ദിവസവും കോണ്ടാക്ട് ക്ലാസുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
അധ്യാപകര്‍ അതതു സെഷന്‍സ് അനുസരിച്ച് ഒരു മാസത്തേക്ക് ആവശ്യമായ പഠനസാമഗ്രികള്‍ തയാറാക്കുകയും വാട്ട്സ്ആപ്പ്, ടെലഗ്രാം, ഇമെയില്‍ തുടങ്ങിയ സംവിധാനങ്ങള്‍ വഴി വിദ്യാര്ഥികളിലെത്തിക്കുകയും വേണം. പഠനസാമഗ്രികള്‍ വീഡിയോ ക്ലാസുകള്‍, ഇ ബുക്ക്, ഇ നോട്ട്, പവര്‍ പോയിന്റുകള്‍, പരിശീലിക്കാനുളള ചോദ്യങ്ങള്‍ തുടങ്ങിയവയാവണം അവ കോളേജിന്റെ വെബ്സൈറ്റില്‍ അപ്പ്ലോഡ് ചെയ്യുകയും വേണം എന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ഇതോടൊപ്പം ക്ലാസ് മുറികളും കെട്ടിടങ്ങളും ശുചീകരിക്കുക, സാനിറ്റൈസ് ചെയ്യുക, അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കൊവിഡ് പരിശോധന തുടങ്ങിയ പൊതുവായ കാര്യങ്ങളും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.